നൗ​ഫിയക്കും നസ്​റിയക്കും ഇനി പഠിക്കാം; കൂട്ടിന് മൂക്കുതല സ്കൂൾ എൻ.എസ്​.എസ് യൂനിറ്റുണ്ട്

ചങ്ങരംകുളം: അപൂർവ അസുഖം ബാധിച്ച് ശരീരം തളർന്ന് കിടപ്പിലായ നൗഫിയക്കും നസ്റിയക്കും അറിവ് പകരാൻ അധ്യാപക സംഘം വീട്ടിലെത്തി. തളരാത്ത മനസ്സിൽ പഠിക്കാനുള്ള മോഹം വളർത്തിയ സഹോദരങ്ങൾക്കരികിലേക്ക് അധ്യാപകരും കൂട്ടുകൂടാൻ ചങ്ങാതിമാരുമെത്തിയപ്പോൾ വീട്ടിൽ ഇരട്ടി സന്തോഷം നിറഞ്ഞു. പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റ് വിദ്യാർഥികളും അധ്യാപകരുമാണ് ഇവരുടെ വീട്ടിലെത്തിയത്. ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിഞ്ഞ വർഷം ആരംഭിച്ച 'സനാധന പദ്ധതി' പ്രവർത്തന മേഖല വിപുലീകരിച്ച് ശനിയാഴ്ച മുതൽ പഠനം ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ വീട്ടിലെത്തി പഠിപ്പിക്കും. ചിത്രകല, ക്രാഫ്റ്റ് ഉൾപ്പെടെയുള്ള കലകളും അഭ്യസിപ്പിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലന യൂനിറ്റും ആരംഭിക്കുന്നുണ്ട്. എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികളോടൊപ്പം സ്കൂൾ പ്രിൻസിപ്പൽ കെ. ബീന, പ്രധാനാധ്യാപകൻ മോഹൻകുമാർ, പി.ടി.എ പ്രസിഡൻറ് മോഹനൻ, എൻ.എസ്.എസ് കോഒാഡിനേറ്റർ അഭിലാഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കക്കടിപ്പുറം അൽ ഫലാഹ് സ്കൂളിന് സമീപം നെല്ലിയാംപാട്ട് അഷ്റഫ്-ഫൗസിയ ദമ്പതികളുടെ 16ഉം 14ഉം വയസ്സായ മക്കളാണ് നൗഫിയയും നസ്റിയയും. ഫാർമേഴ്സ് ക്ലബ് തുടങ്ങി എടപ്പാൾ: കോലൊളമ്പിൽ ഫാർമേഴ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. എടപ്പാൾ പഞ്ചായത്തിലെ 13, 14 വാർഡുകളിലെ നെൽകൃഷിയിലും ക്ഷീരമേഖലയിലും പ്രവർത്തിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫാർമേഴ്സ് ക്ലബ് രൂപവത്കരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. ബിജോയ് ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എം. അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. കർഷകർക്ക് വാഴത്തൈകളും പച്ചക്കറി വിത്തും വിതരണം ചെയ്തു. റിട്ട. കൃഷി ഓഫിസർ പി.എം. ജോഷി വിവിധ കൃഷി രീതികളെക്കുറിച്ച് ക്ലാെസടുത്തു. സി.പി. മണി, എം. അബ്ദുൽ റസാഖ്, പി. ഷൈലജ എന്നിവർ സംസാരിച്ചു. സീറ്റൊഴിവ് ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളജിൽ അഫ്സൽ-ഉൽ -ഉലമ പ്രിലിമിനറി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആഗസ്റ്റ് 14ന് മുമ്പ് ഓൺലൈൻ രജിസ്റ്റർ ചെയ്ത് കോളജിൽ പ്രവേശനം നേടണം. ഫോൺ: 0494 2650972.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.