പൂവത്തിക്കൽ പി.എച്ച്.സിയിൽ ഡോക്ടര്‍മാരില്ല; രോഗികള്‍ ദുരിതത്തിൽ

ഊർങ്ങാട്ടിരി: പഞ്ചായത്തിലെ പൂവത്തിക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാതെ രോഗികള്‍ പ്രയാസപ്പെടുന്നു. നിലവില്‍ ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ അവധിയിലായതിനാൽ വെറ്റിലപ്പാറ സി.എച്ച്‌.സിയില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയാണ് പരിശോധന നടത്തുന്നത്. ദിനംപ്രതി നാനൂറിലധികം രോഗികളാണ് ഇവിടെ പരിശോധനക്കെത്തുന്നത്. ഡോക്ടര്‍മാര്‍ കുത്തിവെപ്പ് ദിവസങ്ങളിലും മറ്റും ഫീല്‍ഡില്‍ പോകുന്നതിനാൽ മിക്ക ദിവസങ്ങളിലും ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മടങ്ങിപോകേണ്ടി വരുന്നു. മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പി.എച്ച്‌.സികള്‍ വൈകീട്ടുവരെ പ്രവര്‍ത്തിക്കാൻ ഡോക്ടര്‍മാരെയും നഴ്‌സിനെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഇതുവരെ ഡോക്ടർമാരെത്തിയിട്ടില്ല. നിലവില്‍ ഇവിടെ നഴ്‌സുമാരില്ലാത്തതിനാല്‍ വെറ്റിലപ്പാറ സി.എച്ച്‌.സിയില്‍നിന്ന് ഇടക്ക് വന്നിരുന്ന ജീവനക്കാരായിരുന്നു സേവനം ചെയ്തിരുന്നത്. എന്നാല്‍, രണ്ടുമാസമായി ഇവിടെനിന്ന് നഴ്‌സുമാര്‍ വരാറില്ല. പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് പഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറിയെ നേരില്‍കണ്ട് ആവശ്യപ്പെട്ടു. പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അംഗങ്ങളായ ബർണാഡ് മരിയ, പി.എം. ജോണി, കെ. അനൂബ്, കെ.കെ. ഉബൈദുല്ല, എം.പി. മിര്‍ഷാദ് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.