എടക്കരയിലെ അനധികൃത മദ്യ വിൽപനശാല പൂട്ടി

എടക്കര: അധികൃതരെ തെറ്റിദ്ധരിപ്പിച്ച് എടക്കരയില്‍ പ്രവര്‍ത്തനാനുമതി നേടിയ ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടി. മലപ്പുറം എക്സൈസ് കമീഷണറുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ എക്സൈസ് സി.ഐയും സംഘവുമാണ് വെള്ളിയാഴ്ച മദ്യ ചില്ലറ വിൽപനശാല സീല്‍ ചെയ്തത്. സംസ്ഥാന പാതയില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് ഒൗട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകരായ വെള്ളുവക്കാടന്‍ മുഹമ്മദ് റിയാസ്, മെഹ്റൂഫ്, ബോബ അക്ബര്‍, തോമസ് എന്നിവര്‍ ഹൈകോടതിയില്‍ നല്‍കിയ പരാതിയിലാണ് നടപടി. മുമ്പ് അടച്ചുപൂട്ടിയ മദ്യശാല സംസ്ഥാനപാതയായ സി.എന്‍.ജി റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത്. അധികൃതരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. എന്നാല്‍, ദൂരപരിധി സംബന്ധിച്ച രേഖകള്‍ മുഹമ്മദ് റിയാസ് നിലമ്പൂരിലെ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസി. എന്‍ജിനീയറില്‍നിന്ന് വിവരാവകാശ നിയമപ്രകാരം നേടിയിരുന്നു. ഇതില്‍ സി.എന്‍. ജി റോഡ് 2000 ഫെബ്രുവരി എട്ടിന് സംസ്ഥാനപാതയായി അംഗീകരിച്ചിട്ടുണ്ടെന്ന് മറുപടി ലഭിച്ചിരുന്നു. ഇതുപ്രകാരമാണ് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ ഹൈകോടതിയെ സമീപിച്ചത്. തുടര്‍ന്ന്, പരാതി അന്വേഷിക്കാന്‍ ഉത്തരവായി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സംസ്ഥാന പാതയില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് ഒൗട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അടച്ചുപൂട്ടാന്‍ കുറച്ച് ദിവസത്തെ ഇളവ് നല്‍കിയിരുന്നെങ്കിലും എക്സൈസ് കമീഷണറുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ചതന്നെ സ്ഥാപനം പൂട്ടുകയായിരുന്നു. ഒൗട്ട്ലെറ്റ് പൂട്ടിയതില്‍ സന്തോഷം പങ്കിട്ട് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു. സമിതിക്ക് അഭിവാദ്യമര്‍പ്പിച്ച് വിവിധ സംഘടനകള്‍ ടൗണില്‍ പ്രകടനം നടത്തി. ചിത്രവിവരണം: എടക്കരയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് എക്സൈസ് അധികൃതര്‍ പൂട്ടി സീല്‍ ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.