സ്വാശ്രയ മെഡിക്കൽ; കരാർ ഒപ്പിടാൻ ഇന്നലെയും കോളജുകൾ എത്തിയില്ല

സ്വാശ്രയ മെഡിക്കൽ; കരാർ ഒപ്പിടാൻ ഇന്നലെയും കോളജുകൾ എത്തിയില്ല തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് പഴയ ഫീസ് ഘടനയിൽ കരാർ ഒപ്പിടാൻ വെള്ളിയാഴ്ചയും കോളജുകൾ എത്തിയില്ല. നേരത്തേ സർക്കാർ നിയന്ത്രിത പരിയാരം മെഡിക്കൽ കോളജ് മാത്രമാണ് കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ കരാർ ഒപ്പിട്ടത്. വെള്ളിയാഴ്ച അഞ്ച് കോളജുകൾ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. ഇവരുമായി ഒപ്പിടാനുള്ള കരാർ സർക്കാർ തയാറാക്കിയിട്ടുണ്ട്. ഇതിനിടെ നാലുതരം ഫീസ് ഘടനയിൽ പ്രവേശനത്തിന് കരാർ ഒപ്പിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 10 കോളജുകളാണ് കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ കരാറിന് തയാറായത്. കേസിൽ സർക്കാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും കരാറുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതുസംബന്ധിച്ച കോടതിവിധികൾക്ക് വിധേയമായിരിക്കുമെന്ന് പ്രത്യേക വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തും. കേസിൽ വിധി പ്രതികൂലമായാൽ ഇൗ കോളജുകളും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഏകീകൃത ഫീസ് ഘടനയിലേക്ക് വരേണ്ടിവരും. നിലവിൽ നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളും കഴിഞ്ഞ വർഷത്തെ ഫീസിന് സന്നദ്ധത അറിയിക്കാത്ത നാല് കോളജുകളുമാണ് ഏകീകൃത ഫീസിൽ പ്രവേശനത്തിനുള്ളത്. അഞ്ച് മെഡിക്കൽ കോളജുകൾക്ക് മെഡിക്കൽ കൗൺസിൽ പ്രവേശനാനുമതി നിഷേധിച്ചിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.