വിദ്യാഭ്യാസ സംഗമം ഇന്ന്; എൽ.പി. സ്‌കൂളുകൾ പുറത്ത്​

പട്ടാമ്പി: ജില്ല പഞ്ചായത്തി​െൻറ വിദ്യാഭ്യാസ സംഗമം വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് ശേഷം ഓരോ പഞ്ചായത്തിലും ലീഡിങ് ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളാണ് കേന്ദ്രം. ഇത്തവണ എൽ.പി. വിഭാഗങ്ങളെ തഴഞ്ഞുകൊണ്ടാണ് സംഗമം. യു.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകരാണ് പങ്കെടുക്കേണ്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണ ദൗത്യം ഊർജിതമായി നടക്കുമ്പോൾ വിദ്യാഭ്യാസത്തിന് അടിത്തറയിടുന്ന പ്രാഥമിക വിദ്യാലയങ്ങളെ മാറ്റി നിർത്തിയത് അനൗചിത്യമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ മുഴുവൻ അധ്യാപകരെയും ഒന്നിച്ചിരുത്തി പഠന നിലവാരവും പ്രവർത്തനങ്ങളും ചർച്ച ചെയ്യുകയായിരുന്നു പതിവ്. ലീഡിങ് സ്‌കൂളിലെ പത്താം ക്ലാസ്/പ്ലസ്ടു വിജയവും അതിൽ ഫീഡിങ് സ്‌കൂളുകളുടെ സംഭാവനയും ചർച്ച ചെയ്ത് ഭാവിപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. പഠനപ്രക്രിയയിലെ മുഴുവൻ അധ്യാപകർക്കും ഒന്നിച്ചിരിക്കാനും ആശയവിനിമയം നടത്താനുമുള്ള അവസരം കൂടിയായിരുന്നു സംഗമം. അടിത്തറ ശക്തിപ്പെടുത്താനുള്ള ആസൂത്രണത്തിനാണ് പ്രാധാന്യം. എൽ.പി. വിഭാഗത്തെ ഒഴിവാക്കിയതിലൂടെ കാതലായ ധർമം തകിടം മറിക്കുകയാണ് അധികൃതർ എന്ന വിമർശനമാണുയരുന്നത്. കുട്ടികൾക്ക് പഠന നഷ്ടം ഉണ്ടാകുന്ന തരത്തിൽ അധ്യാപകരെ പരിശീലനത്തിനു വിളിക്കരുത്, പരിശീലനങ്ങളും യോഗങ്ങളുമൊക്കെ ശനിയാഴ്ചകളിലേ നടത്താവൂ തുടങ്ങിയ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പൊതുവിദ്യാഭ്യാസ പ്രവർത്തനമാർഗ രേഖ നിലനിൽക്കെ വെള്ളിയാഴ്ച വിദ്യാഭ്യസ സംഗമം നടത്തുന്നതിലെ വൈരുധ്യവും വിമർശിക്കപ്പെടുന്നു. ആഗസ്റ്റ് അഞ്ചിന് നടക്കേണ്ട ക്ലസ്റ്റർ പരിശീലനത്തി​െൻറ ഡി.ആർ.ജി പരിശീലനം ശനിയാഴ്ച നടക്കുന്നതിനാലാണ് വിദ്യാഭ്യാസ സംഗമം വെള്ളിയാഴ്ചത്തേക്ക് മാറ്റിയതെന്നാണ് വിശദീകരണം. എന്നാൽ എസ്.എസ്‌.എ യുടെ സംസ്ഥാന പരിപാടിയാണ് ഡി.ആർ.ജി പരിശീലനമെന്നതിനാൽ മാറ്റി വെക്കാൻ കഴിയില്ലെന്നും വിദ്യാഭ്യസ സംഗമം വേണമെങ്കിൽ മാറ്റി വെക്കാവുന്നതാണെന്നും അഭിപ്രായമുണ്ട്. ജൂലൈ ആദ്യവാരത്തിൽ തന്നെ നടത്തേണ്ട സംഗമം വൈകിപ്പോയതും ആസൂത്രണ പാളിച്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.