സ്​റ്റാലിൻ കോയമ്പത്തൂരിൽ അറസ്​റ്റിൽ

കോയമ്പത്തൂർ: സേലം ജില്ലയിലെ കച്ചരായൻ ജലാശയം സന്ദർശിക്കാൻ പോവുകയായിരുന്ന ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനെ പൊലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിൽനിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയതിനുശേഷം കാറിൽ സേലത്തേക്ക് പോകവേ നഗരാതിർത്തിയായ കണിയൂർ ദേശീയപാതയിലെ ടോൾഗേറ്റിന് സമീപത്താണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ എടപ്പാടിയിലെ കച്ചരായൻ കുളത്തിൽ ഡി.എം.കെ പ്രവർത്തകർ പുനരുദ്ധാരണ യജ്ഞം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെ-അണ്ണ ഡി.എം.കെ പ്രവർത്തകർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് നീറ്റ് പരീക്ഷയിൽനിന്ന് തമിഴകത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ല കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങല തീർക്കാൻ ഡി.എം.കെ ആഹ്വാനം ചെയ്തത്. ഇതനുസരിച്ച് സേലത്ത് വ്യാഴാഴ്ച വൈകീട്ട് നടക്കാനിരിക്കുന്ന മനുഷ്യച്ചങ്ങലയിൽ സ്റ്റാലിൻ കണ്ണിയാവുമെന്ന് അറിയിച്ചിരുന്നു. സമരത്തിനുശേഷം ഡി.എം.കെ പ്രവർത്തകർ വൃത്തിയാക്കിയ തടാകം സന്ദർശിക്കാനും സ്റ്റാലിൻ തീരുമാനിച്ചിരുന്നു. സന്ദർശനം ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് പറഞ്ഞ് പൊലീസ് വിലക്കേർപ്പെടുത്തുകയായിരുന്നു. സംസ്ഥാനമൊട്ടാകെയുള്ള മനുഷ്യച്ചങ്ങലക്കും അനുമതി നൽകിയിരുന്നില്ല. രാവിലെ 11 മണിയോടെ കോയമ്പത്തൂർ കണിയൂർ ദേശീയപാതയിലെ ടോൾബൂത്തിന് സമീപം ജില്ല പൊലീസ് സൂപ്രണ്ട് പി. മൂർത്തിയുടെ നേതൃത്വത്തിലാണ് സ്റ്റാലി​െൻറ വാഹനവ്യൂഹത്തെ തടഞ്ഞത്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ നേതാക്കളും പ്രവർത്തകരും എതിർത്തത് സംഘർഷത്തിനിടയാക്കി. യാത്ര തുടരാൻ ശ്രമിച്ചതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നൂറിലധികം പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് കോയമ്പത്തൂർ, തിരുപ്പൂർ മേഖലയിലെ ഡി.എം.കെ പ്രവർത്തകർ കണിയൂരിലെത്തി. സേലത്തെ കച്ചരായൻ ജലാശയം സന്ദർശിക്കുന്നതിന് പൊലീസ് വിലക്കിയിട്ടില്ലെന്നും നടപടി സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഡി.എം.കെയുടെ സമരം അലേങ്കാലമാക്കുകയെന്ന ഭരണകക്ഷിയുടെ രഹസ്യ അജണ്ടയാണ് പൊലീസ് നടപ്പാക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനമൊട്ടുക്കും ഡി.എം.കെ പ്രവർത്തകർ റോഡ് തടഞ്ഞു. ഡി.എം.കെ മദ്രാസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.