ഫയർ ആന്‍ഡ് റസ്ക‍്യൂ സ്​റ്റേഷൻ: മലക്കം മറിഞ്ഞ് നിലമ്പൂർ നഗരസഭ

നിലമ്പൂർ: ഫയർ ആൻഡ് റസ്ക‍്യൂ സർവിസ് സ്റ്റേഷൻ വിവാദത്തിൽ മലക്കം മറിഞ്ഞ് നഗരസഭ കൗൺസിൽ. ഫയർ സ്റ്റേഷൻ നിലമ്പൂരിൽനിന്ന് മാറ്റുന്നതിനെതിരെ ഭരണസമിതി കൗൺസിലിൽ പ്രമേയം കൊണ്ടുവന്നു. നിലമ്പൂരിൽ പ്രവർത്തിക്കുന്ന അഗ്നിശമനസേന ഓഫിസ് നഗരസഭയിൽനിന്ന് മാറ്റാൻ അനുവദിക്കില്ലെന്നായിരുന്നു ചെയർപേഴ്സൻ തന്നെ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നത്. അതേസമയം നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് 15 ദിവസത്തിനകം ഒഴിയണമെന്നാവശ‍്യപ്പെട്ട് ഫയർ സ്റ്റേഷൻ ഓഫിസർക്ക് കഴിഞ്ഞ ദിവസം സെക്രട്ടറി കത്ത് നൽകിയതും ഭരണസമിതിയുടെ തീരുമാന പ്രകാരമാണ്. ഈ നോട്ടീസ് മരവിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്യാതെയാണ് ബുധനാഴ്ചത്തെ കൗൺസിലിൽ ചെയർപേഴ്സൻ പ്രമേയം കൊണ്ടുവന്നത്. അഗ്നിശമനസേന ഒാഫിസ് മാറ്റാനോ ഇതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നോ അനുബന്ധ വകുപ്പിൽ നിന്നോ ഒരു നിർദേശവും നഗരസഭക്ക് ലഭിച്ചിട്ടുമില്ല. ഈ സാഹചര‍്യത്തിലാണ് നഗരസഭ സെക്രട്ടറി ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകുന്നതും പിന്നീട് കൗൺസിലിൽ ഇതിനെതിരെ ചെയർപേഴ്സൻ തന്നെ പ്രമേയം അവതരിപ്പിക്കുകയും ചെയ്യുന്നത്. ഫയർ ഫോഴ്സിന് നോട്ടീസ് നൽകിയത് ഏറെ വിവാദമായതോടെയാണ് നഗരസഭ ഈ കാര‍്യത്തിൽ ഇരട്ടത്താപ്പ് നയം സ്വീകരിച്ചതെന്നാണ് സൂചന. നോട്ടീസ് നൽകിയത് ഏറെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇത് തണുപ്പിക്കാനാണ് നഗരസഭയുടെ മലക്കം മറിച്ചിലെന്നാണ് സൂചന. പ്രതിപക്ഷ അംഗങ്ങളുടെയും സ്വതന്ത്ര അംഗങ്ങളുടെയും വിയോജനകുറിപ്പോടെ പ്രമേയം പാസാക്കുകയും ചെയ്തു. ചട്ട പ്രകാരമുള്ള പ്രമേയമല്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം ഈ കാര‍്യത്തിൽ വിയോജനകുറിപ്പ് രേഖപ്പെടുത്തിയത്. ഫയർ സ്റ്റേഷൻ: ഭരണസമിതിയുടെ പ്രമേയം കബളിപ്പിക്കലെന്ന് നിലമ്പൂർ: അഗ്നിശമനസേന ഒാഫിസ് നഗരസഭയിൽ തന്നെ നിലനിർത്തണമെന്ന ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് അവതരിപ്പിച്ച പ്രമേയം കമ്പളിപ്പിക്കലും ചട്ട വിരുദ്ധവുമെന്നും കൗൺസിലർമാർ. 15 ദിവസത്തിനകം കെട്ടിടം ഒഴിഞ്ഞു തരണമെന്നാവശ‍്യപ്പെട്ട് നഗരസഭ സെക്രട്ടറി അഗ്നിശമനസേന ഓഫിസർക്ക് നൽകിയ നോട്ടീസ് നിയമാനുസൃതം നിലനിൽക്കെയാണ് ചെയർപേഴ്സൻ തന്നെ ഇതിനെതിരെ പ്രമേയവുമായി രംഗത്ത് വന്നിട്ടുള്ളതെന്ന് പ്രതിപക്ഷ കൗൺസിലർമാരും സ്വതന്ത്ര കൗൺസിലർമാരും കുറ്റപ്പെടുത്തി. കൗൺസിൽ ചേരുന്ന സമയം, പ്രമേയം വായിക്കുന്ന രീതി എന്നിവ ശരിയല്ലെന്നും പ്രമേയം അവതരിപ്പിക്കുന്ന വ‍്യക്തി ഏഴ് പൂർണ ദിവസത്തിന് മുമ്പ് നോട്ടീസ് രേഖാമൂലം നൽകിയതിന് ശേഷമേ അവതരിപ്പിക്കാൻ പാടുള്ളൂവെന്നും പ്രമേയത്തി‍​െൻറ പകർപ്പ് നേരത്തെ നൽകേണ്ടതുണ്ടെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. ചട്ടവിരുദ്ധവും അവഹേളിക്കുന്നതുമായതിനാൽ പ്രമേയത്തിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയാണെന്ന് സി.പി.എം, സി.പി.ഐ, സ്വതന്ത്ര കൗൺസിലർമാർ പറഞ്ഞു. എൻ. വേലുക്കുട്ടി, അരുമ ജയകൃഷ്ണൻ, പി.എം. ബഷീർ, സ്വതന്ത്ര കൗൺസിലർമാരായ മുസ്തഫ കളത്തുംപടിക്കൽ, പി. ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു. അതേസമയം വിഷയം പ്രതിപക്ഷവും മറ്റു അംഗങ്ങളും വളച്ചൊടിക്കുകയാണെന്നും നഗരസഭ പരിധിയിൽനിന്ന് ഫയർ ഫോഴ്സ് ഓഫിസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും അഗ്നിശമനസേന ഒാഫിസ് പ്രവർത്തിപ്പിക്കാനാവശ‍്യമായ മറ്റൊരു കെട്ടിടം നഗരസഭ കണ്ടെത്തിയിട്ടുണ്ടെന്നും ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നഗരസഭക്കെതിരെയുള്ള പ്രചാരണങ്ങൾ വസ്തുതവിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.