ബിരുദ ഗ്രേഡ് കാര്‍ഡ് പ്രശ്‌നം: സെനറ്റില്‍ ഇടത്-, വലത് അംഗങ്ങള്‍ കൊമ്പുകോര്‍ത്തു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തില്‍ ബിരുദ ഗ്രേഡ് കാര്‍ഡ് വിവാദത്തെച്ചൊല്ലി കടുത്ത വാദപ്രതിവാദം. ഗ്രേഡ് കാര്‍ഡിലെ അപാകത്തിന് കാരണം യു.ഡി.എഫ് സിന്‍ഡിക്കേറ്റ് നടപ്പാക്കിയ െറഗുലേഷനിലെ പിഴവാണെന്ന് ഇടത് അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍, ആരോപണത്തിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ ശക്തമായി രംഗത്തുവന്നു. ഗ്രേഡ് കാര്‍ഡ് വിതരണത്തിലെ അനിശ്ചിതത്വത്തില്‍ സെനറ്റ് ആശങ്ക രേഖപ്പെടുത്തി. അനിശ്ചിതത്വം കാരണം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഗുരുതരവീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഇടതുപക്ഷത്തുനിന്ന് ഡോ. കെ.എം. അനിലാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. ഇടത് അംഗങ്ങള്‍ 2014ലെ െറഗുലേഷനിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അംഗങ്ങളെ നേരിട്ടത്. െറഗുലേഷന്‍ നടപ്പാക്കിയതിലെ നിരുത്തരവാദപരമായ സമീപനമാണ് 2014ലെ സ്റ്റിയറിങ് കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ വി.പി. ശരത് ആരോപിച്ചു. അതേസമയം, െറഗുലേഷന്‍ നടപ്പാക്കിയതില്‍ അപാകതകളില്ലെന്ന വാദമുയര്‍ത്തിയാണ് യു.ഡി.എഫ് അംഗങ്ങളായ ഡോ. കെ.എം. നസീര്‍, അഡ്വ. പി.എം. നിയാസ്, പി.എം. സലാഹുദ്ദീന്‍ എന്നിവര്‍ പ്രതികരിച്ചത്. ഗ്രേഡ് കാര്‍ഡ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സിന്‍ഡിക്കേറ്റ് നിയോഗിച്ച നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം അപാകത പരിഹരിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകുമെന്നും അംഗങ്ങള്‍ വ്യക്തമാക്കിയതോടെയാണ് തര്‍ക്കത്തിന് അവസാനമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.