ലഹരിയിലും 'ന്യൂ ജൻ'; സ്​റ്റിക്കറും ഗുളികകളും വ്യാപകം

മലപ്പുറം: വിദ്യാർഥികളെ ലക്ഷ്യമിട്ട് പുതുതലമുറ മയക്കുമരുന്നുകൾ വ്യാപകമാകുന്നു. ലൈസർജിക് ആസിഡ് ഡീതലാമൈഡ് (എൽ.എസ്.ഡി), നൈട്രസെഫാം തുടങ്ങിയവയാണ് വിദ്യാർഥികൾക്കിടയിൽ പടരുന്നത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്കെത്തുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും സ്മൈലികളുടെയുമൊക്കെ രൂപത്തിലുള്ള സ്റ്റിക്കറുകളായാണ് എൽ.എസ്.ഡി വരുന്നത്. മണമില്ലാത്തതിനാൽ ഇത് കൈവശം വെച്ചാലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ദിവസം മുഴുവൻ നിലനിൽക്കുന്ന ഉന്മാദാവസ്ഥയും പിടിക്കപ്പെടാതെ ഉപയോഗിക്കാനുള്ള സൗകര്യവുമാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്ത് വളാഞ്ചേരി സ്വദേശിയിൽ നിന്ന് എൽ.എസ്.ഡിയുടെ നിരവധി സ്റ്റിക്കറുകൾ പിടികൂടിയിരുന്നു. ആവശ്യത്തിനനുസരിച്ചാണ് വില. 3000 രൂപ വരെയാണ് മലപ്പുറത്തെ ഏജൻറ് ഒരു സ്റ്റിക്കറിന് ഇൗടാക്കിയിരുന്നത്. ഇത് കഷ്ണങ്ങളാക്കിയാണ് പിന്നീട് വിൽപന. ഗോവയിലെ ഡാൻസ് ബാറുകളിലാണ് എൽ.എസ്.ഡി വ്യാപകമായി ഉപയോഗിക്കുന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന റൈ എന്ന ധാന്യച്ചെടിയുടെ പൂപ്പലിൽ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാൽ, വിഷക്കൂണിൽ നിന്നുവരെ ഇതുണ്ടാക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്. മാനസികാസ്വാസ്ഥ്യമുള്ളവർക്ക് ഡോക്ടർമാർ കുറിച്ചു നൽകുന്ന 'നൈട്രസെപാം' എന്ന ഗുളികയാണ് വ്യാപകമാകുന്ന മറ്റൊരു ലഹരിമരുന്ന്. മെഡിക്കൽ, എൻജിനീയറിങ് വിദ്യാർഥികൾക്കിടയിലാണ് ഉപയോഗം കൂടുതൽ. ഫെവികോൾ, ഷൂവിൽ അടിക്കുന്ന വൈറ്റ്നർ എന്നിവയും ലഹരിക്കായി വിദ്യാർഥികൾ ഉപയോഗിക്കുന്നുണ്ട്. ഒരു കിലോയിൽ കുറവ് കഞ്ചാവ് കൈവശം വെച്ചാൽ ജാമ്യം ലഭിക്കുമെന്ന പഴുതുപയോഗിച്ചാണ് വിൽപന വ്യാപിക്കുന്നത്. 1996ലാണ് നിയമം ഭേദഗതി ചെയ്ത് കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശം വെച്ചാൽ ജാമ്യം നൽകണമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്തത്. ഇനാം റഹ്മാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.