തട്ടുകടകളുടെ ശുചിത്വം ഉറപ്പുവരുത്തുവാൻ പൊന്നാനി നഗരസഭ

പൊന്നാനി: തട്ടുകടകളിലെ ശുചിത്വം ഉറപ്പുവരുത്തുവാൻ നടപടികളുമായി പൊന്നാനി നഗരസഭ. പൊന്നാനിയിലെ മുഴുവൻ വഴിയോര ചായക്കച്ചവടക്കാരുടെയും യോഗം വിളിച്ചുചേർത്ത നഗരസഭ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തീരുമാനിച്ചു. ശുചിത്വം കുറയുകയും സാംക്രമിക രോഗങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടുകൂടി നഗരസഭ പരിധിയിലെ മുഴുവൻ തട്ടുകട തൊഴിലാളികൾക്കും ഡ്രസ് കോഡ് ഏർപ്പെടുത്തും. ശുചിത്വം ഉറപ്പുവരുത്തുന്നതിനായി തൊപ്പികൾ, ഗ്ലൗസ് എന്നിവ ധരിക്കാനും നഗരസഭ നിർദേശിച്ചു. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്‌ സഞ്ചികൾ ഉപയോഗിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും യോഗത്തിൽ അറിയിച്ചു. പഴകിയ എണ്ണ, ആഹാര സാധനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും അധികൃതർ യോഗത്തിൽ അറിയിച്ചു. തട്ടുകടകളിലെ മാലിന്യം കൃത്യമായി സംസ്കരിക്കുന്നതിനുള്ള നിർദേശവും നഗരസഭ നൽകി. കടകളിലെ പ്ലാസ്റ്റിക് മാലിന്യം നഗരസഭയിലെ പ്ലാസ്റ്റിക് ശേഖരണ കൗണ്ടറിൽ ഏൽപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. ഹോട്ടലുകളിലെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനായി ഉടമകളുടെ യോഗവും കഴിഞ്ഞദിവസം വിളിച്ചിരുന്നു. പൊന്നാനി നഗരസഭയിൽ വിളിച്ചുചേർത്ത യോഗത്തിൽ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി കെ.കെ. മനോജ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.