കർക്കടക വാവിന് സുരക്ഷ തോണിയുമായി പാറലകത്ത്​ യാഹുട്ടി

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ കർക്കടക വാവിന് ബലി കർമത്തിനെത്തുന്നവരുടെ സുരക്ഷക്കായി ഇത്തവണയും തീർഥാടക ടൂറിസം തോണിയുമായി പാറലകത്ത് യാഹുട്ടി ഒരുങ്ങി. ചെറുപ്പം മുതൽ ഭാരതപ്പുഴയിൽ തോണി തുഴയുകയും മുങ്ങൽ പരിശീലനം നടത്തുകയും ചെയ്യുന്ന യാഹുട്ടി ജില്ലയിലെ അറിയപ്പെടുന്ന മുങ്ങൽ വിദഗ്ധനാണ്. ആറുവർഷം മുമ്പ് ബലിതർപ്പണത്തിനെത്തിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായത് മുതൽക്കാണ് യാഹുട്ടിയുടെ സേവനം ദേവസ്വം അധികൃതർ തേടിത്തുടങ്ങിയത്. കഴിഞ്ഞ ഓണക്കാലം മുതൽ ഭാരതപ്പുഴയിൽ ഡി.ടി.പി.സിയുടെ തീർഥാടക ടൂറിസം തോണിക്കടത്തിന് നേതൃത്വം നൽകുന്ന യാഹുട്ടി ദേവസ്വം ക്ഷണിച്ചാലും ഇല്ലെങ്കിലും പതിവു സർവിസിനു പുറമെ വാവുബലി സമയങ്ങളിൽ കടത്തുതോണിയുമായി കടവിലുണ്ടാകും. കൂട്ടാളി കടുങ്ങാത്തുകുണ്ട് ചേരുങ്ങൽ തൗഫീഖുമൊത്ത് ഭാരതപ്പുഴയിലും തൂതപ്പുഴയിലും കുന്തിപ്പുഴയിലുമൊക്കെ ഒഴുക്കിൽപ്പെട്ട് കാണാതായ നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് യാഹുട്ടി. ത്രിമൂർത്തി സംഗമമായ ഭാരതപ്പുഴയിലെ തിരുനാവായയിൽ മുമ്പ് ക്ഷേത്ര ദർശനത്തിനെത്തുന്നവർ നാവാമുകുന്ദ ക്ഷേത്രപരിസരത്തുനിന്ന് തെക്കെക്കരയിലെ ബ്രഹ്മ ക്ഷേത്രത്തിലേക്കും ചെറുതിരുനാവായ ശിവക്ഷേത്രത്തിലേക്കും നോക്കി തൊഴാറായിരുന്നു പതിവ്. തെക്കെക്കരയിലെത്തുന്നവർ വടക്കെക്കരയിലെ നാവാമുകുന്ദ ക്ഷേത്രത്തിലേക്കും നോക്കി തൊഴാറായിരുന്നു ഇതിനൊരു പരിഹാരമായാണ് ഡി.ടി.പി.സി കടത്തുതോണിയിട്ടത്. അതോടെ വിശ്വാസികൾക്ക് നിളയിൽ പ്രകൃതി ഭംഗിയാസ്വദിച്ച് മൂന്നുക്ഷേത്രങ്ങളിലും ദർശനം നടത്താൻ കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.