പൊന്നാനിയിൽ നിന്ന് മൈസൂരുവിലേക്ക് ഒരു കെ.എസ്.ആർ.ടി.സി കൂടി

പൊന്നാനി: ഇനി പൊന്നാനിയിൽ നിന്ന് മൈസൂരുവിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സിയുണ്ട്. പൊന്നാനി- മൈസൂരു കെ.എസ്.ആർ.ടി.സി. സൂപർ ഫാസ്റ്റ് സർവിസ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മുതൽ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ഓടും. ഏറെ കാലത്തെ ആവശ്യത്തിനൊടുവിലാണ് പുതിയ സർവിസ് യാഥാർഥ്യമായത്. പൊന്നാനി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കന്നിയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. നിലവിൽ പൊന്നാനിയിൽ നിന്ന് മൈസൂരു വഴി ബംഗളൂരുവിലേക്ക് ഒരു സർവിസ് മാത്രമാണുള്ളത്. കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റൂട്ടായതിനാൽ അധിക സർവിസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പുതിയ സർവിസ് പൊന്നാനി ഡിപ്പോയിൽ നിന്ന് പുലർച്ചെ നാലിന് ആരംഭിക്കും. ഉച്ചക്ക് പന്ത്രണ്ടോടെ മൈസൂരുവിൽ എത്തും. വൈകീട്ട് നാലരയോടെ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 12.25ന് പൊന്നാനിയിൽ എത്തും. പൊന്നാനി,- തിരൂർ,- കോഴിക്കോട്-, കൽപ്പറ്റ,- സുൽത്താൻ ബത്തേരി,- ഗുണ്ടൽപേട്ട, നഞ്ചൻകോട് വഴിയാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികളുൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന റൂട്ടാണിത്. ചടങ്ങിൽ പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആറ്റുണ്ണി തങ്ങൾ, കെ.എസ്.ആർ.ടി.സി ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം താജുദ്ദീൻ, പ്രതിപക്ഷ നേതാവ് എം.പി. നിസാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.