തസ്തിക നിർണയം: സമരകാഹളം മുഴക്കി കായികാധ്യാപകർ

-----സ്വന്തം ലേഖകൻ മലപ്പുറം: തസ്തിക നിർണയത്തിൽ തഴയുന്നത് പതിവായ സാഹചര്യത്തിൽ കായികാധ്യാപകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അധ്യാപക----വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിച്ച് കായികാധ്യാപക തസ്തികകൾ സംരക്ഷിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. സംയുക്ത കായികാധ്യപക സംഘടന സംസ്ഥാന കമ്മറ്റി തീരുമാനമനുസരിച്ച് ഉപജില്ല സെക്രട്ടറിമാർ രാജിവെക്കും. മറ്റെല്ലാ അധ്യാപക തസ്തികകളും സംരക്ഷിക്കാൻ അധ്യാപക---വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തിയിട്ടും സ്പെഷലിസ്റ്റ് അധ്യാപകരുടെ കാലങ്ങളായുള്ള മുറവിളി ചെവിക്കൊള്ളാൻ സർക്കാർ തയാറായിട്ടില്ല. തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ വിദ്യാഭ്യാസ ഉപഡയറക്ടറെ കണ്ട് മേളകൾ ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഉപജില്ല സ്പോർട്സ്, --ഗെയിംസ് സെക്രട്ടറി സ്ഥാനം കായികാധ്യാപകരാണ് വഹിക്കുന്നത്. മേളകളുടെ നടത്തിപ്പ് ചുമതല ഇവർക്കാണ്. അധ്യാപകർ സമരരംഗത്തിറങ്ങിയാൽ അത്ലറ്റിക് മീറ്റുകളും ഗെയിംസ് മത്സരങ്ങളും പ്രതിസന്ധിയിലാവും. ആഗസ്റ്റിൽ ഉപജില്ല ഗെയിംസോടെയാണ് ഇക്കൊല്ലത്തെ കായികമേളകൾ തുടങ്ങേണ്ടത്. തിങ്കളാഴ്ച എറണാകുളത്ത് ചേരുന്ന സംയുക്ത കായികാധ്യപക സംഘടനയുടെ സംസ്ഥാന നിർവാഹക സമിതി ‍വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.