വിദ്യാർഥികൾക്ക് ആരോഗ്യ പരിരക്ഷയുമായി ക്ലബ് പ്രവർത്തകർ

കോട്ടക്കൽ: കലയും കളിയും മാത്രമല്ല ഒരു ക്ലബി​െൻറ പ്രവർത്തനമെന്ന് തെളിയിക്കുകയാണ് ഒതുക്കുങ്ങൽ പഞ്ചായത്തിലെ കുറൂർക്കുണ്ട് സി.ബി.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ. സമീപ പഞ്ചായത്തായ പൊന്മളയിലെ ജി.എൽ.പി സ്കൂളിലെ ഇരുനൂറ്റിഎഴുപത്തിമൂന്നോളം വിദ്യാർഥികൾക്ക് ആരോഗ്യപരിരക്ഷയൊരുക്കി മാതൃകയാവുകയാണിവർ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ സ്കൂളിൽ ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്ന് ഇവർ പറയുന്നു. ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ആണ് വിദ്യാർഥികൾക്കായി ക്ലബി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ആഗസ്റ്റ് അഞ്ച് മുതൽ ഒരു വർഷത്തേക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ആശുപത്രിച്ചെലവ് വർധിക്കുമ്പോൾ നിർധന വിദ്യാർഥികൾക്ക് പദ്ധതി ഏറെ സഹായകരമാകും. പൊതുവിദ്യാലയ സംരക്ഷണമെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ടെന്ന് ക്ലബ് ചെയർമാൻ സലീം ചേനങ്ങാട് പറഞ്ഞു. ഭാരവാഹികളായ സി. ഷഫീഖ്, കെ. റമീസ്, സി. ഷൈജു എന്നിവരുൾപ്പെടെ എഴുപതോളം പ്രവർത്തകർ ക്ലബിലുണ്ട്. പൊന്മള പഞ്ചായത്തി​െൻറയും പി.ടി.എയുടെയും സഹകരണത്തോടു കൂടി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. മണ്ഡലം എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിക്കും. പരിരക്ഷ പദ്ധതിക്ക് സ്കൂളിനെ തെരഞ്ഞെടുത്തതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഉദ്ഘാടനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.