ഉപതെരഞ്ഞെടുപ്പിൽ പള്ളിപ്പാടി വാര്‍ഡ് തിരിച്ചുപിടിച്ച്​ എല്‍.ഡി.എഫ്

പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി എടക്കര: ഉപതെരഞ്ഞെടുപ്പിലൂടെ പള്ളിപ്പാടി വാര്‍ഡ് തിരിച്ചുപിടിച്ച എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. 30 വര്‍ഷത്തോളം സി.പി.എം പ്രതിനിധീകരിച്ച വാര്‍ഡ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കൈവിട്ടത്. 238 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ കെ.വി. മനു അട്ടിമറി വിജയം നേടുകയായിരുന്നു. റെയിൽവേയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അംഗത്വം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വീറും വാശിയും സമന്വയിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ആറ് വോട്ടി​െൻറ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ എം.കെ. ചന്ദ്രന്‍ വിജയിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ചന്ദ്രന്‍ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പോള്‍ ചെയ്ത 1292 വോട്ടില്‍ എല്‍.ഡി.എഫിന് (614), യു.ഡി.എഫിന് (608), എന്‍.ഡി.എക്ക് (70) എന്നിങ്ങനെയാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ ധനഞ്ജയനായിരുന്നു പ്രധാന എതിരാളി. ബി.ജെ.പി സ്ഥാനാര്‍ഥിയായി സുകുമാരനും രംഗത്തുണ്ടായിരുന്നു. 16 വാര്‍ഡുള്ള എടക്കര ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് (ആറ്), മുസ്ലിം ലീഗ് (മൂന്ന്), സി.പി.എം (ആറ്), ബി.ജെ.പി (ഒന്ന്) എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെണ്ണല്‍ കേന്ദ്രമായ എടക്കര പഞ്ചായത്ത് പരിസരത്ത് നിരവധി പേരാണ് തടിച്ചുകൂടിയത്. ഫലം അറിഞ്ഞയുടൻ എടക്കര ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് പള്ളിപ്പടിയിലും പ്രകടനം നടന്നു. പി.വി. അന്‍വര്‍ എം.എല്‍.എ, വി.എം. ഷൗക്കത്ത്, ടി. രവീന്ദ്രന്‍, പി. മോഹനന്‍, സന്തോഷ് കപ്രാട്ട്, ഷൈനി പാലക്കുഴി, സി.ടി. സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രം പള്ളിപ്പടി വാര്‍ഡില്‍ വിജയിച്ചതില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന എൽ.ഡി.എഫ് പ്രവര്‍ത്തകര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.