കെ.എസ്.ആർ.ടി.സി: ഡ്യൂട്ടി പരിഷ്കരണം സർവിസുകളെ ബാധിക്കുന്നു

മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ ജോലി സമയം പരിഷ്കരിച്ചത് മൂലം ജില്ലയിലെ പല സർവിസുകൾക്കും പ്രതിസന്ധി. തുടർന്നുവന്ന രീതി മാറിയപ്പോൾ ജീവനക്കാർക്കിടയിൽ ഉടലെടുത്ത അസംത-ൃപ്തിയും ചില ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചതുമാണ് ഇതിന് കാരണം. ജൂലൈ 15ന് പരിഷ്കരണം നിലവിൽ വന്നതിന് ശേഷമുള്ള കണക്ക് പൂർണമായി അറിവായിട്ടില്ലെങ്കിലും വരുമാനം താഴേക്കാണ്. മൂന്ന്, രണ്ട് ഡ്യൂട്ടികളാണ് ഇതുവരെയുണ്ടായിരുന്നത്. ഇതിൽ മൂന്ന് ഡ്യൂട്ടികളിൽ ചിലത് രണ്ടരയായും രണ്ട് ഡ്യൂട്ടി ഒന്നരയും ഒന്നുമായും കുറച്ചിരിക്കുകയാണ്. ആറര മണിക്കൂർ ജോലിയും ഒന്നര മണിക്കൂർ വിശ്രമവുമായി എട്ട് മണിക്കൂറാണ് ഒരു ഡ്യൂട്ടി. പ്രതിദിന വരുമാനം 8,000 രൂപയിൽ താഴെയുള്ള ഓർഡിനറി സർവിസുകളാണ് സിംഗിൾ ഡ്യൂട്ടിയാക്കിയിരിക്കുന്നത്. ജില്ലയിലെ പല സർവിസുകളും സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് മാറി‍യിട്ടുണ്ട്. പൊന്നാനിയിൽ നിന്ന് വളാഞ്ചേരി വഴി മഞ്ചേരിയിൽ പോവുന്ന വണ്ടിയുടെതുൾപ്പെടെ സമ‍യക്രമത്തിൽ മാറ്റമുണ്ട്. ഈ ബസ് മലപ്പുറത്തേക്ക് ചുരുക്കുകയും യാത്രക്കാരുടെ തിരക്ക് നോക്കി രാവിലെയും വൈകുന്നേരവുമാക്കി ഷെഡ്യൂൾ പുനഃക്രമീകരിക്കുക‍യും ചെയ്തിരിക്കുകയാണ്. സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ ചില സർവിസുകൾ പിൻവലിച്ചിട്ടുമുണ്ട്. ഇത് സ്വകാര്യ ബസുകൾക്ക് ഗുണം ചെയ്യുകയാണ്. യാത്രക്ക് കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ചിരുന്നവർക്കും പുനഃക്രമീകരണവും സർവിസ് പിൻവലിക്കലും തിരിച്ചടിയായി. ജോലി ഭാരം കൂടുതലാണെന്ന് പറഞ്ഞാണ് ജീവനക്കാർ പുതിയ രീതിയോട് പുറംതിരിഞ്ഞ് നിൽക്കുന്നത്. വിശ്രമത്തിന് ലഭിച്ചിരുന്ന സമയം തീരെ കുറഞ്ഞതായി ഇവർ പറയുന്നു. ആഴ്ചയിൽ ആറ് ഡ്യൂട്ടിയെന്നത് മൂന്നോ നാലോ ദിവസംകൊണ്ട് തീർക്കാമായിരുന്നു. സിംഗിൾ ഡ്യൂട്ടിക്കാർ ആറ് ദിവസവും ജോലിക്ക് വരേണ്ട സ്ഥിതിയാണ്. പുതിയ പരിഷ്കാരങ്ങളിൽ പലതിനോടും ജീവനക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം കൂട്ടാനുള്ള ഉത്സാഹമൊക്കെ ഇല്ലാതായതായി ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.