സ്​കൂൾ വാഹനങ്ങൾ പായുന്നു, സുരക്ഷയില്ലാതെ

മലപ്പുറം: സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാത്ത സ്കൂൾ വാഹനങ്ങൾ ജില്ലയിൽ നിരവധി. ഗതാഗത വകുപ്പും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും പാലിക്കാത്ത സ്കൂളുകളുണ്ട്. അമിത വേഗതയും വിദ്യാർഥികളെ കുത്തിനിറച്ചുള്ള യാത്രയും അപകടം സൃഷ്ടിക്കുന്നു. സ്കൂൾ വാഹന ഡ്രൈവർമാരുടെ പ്രവർത്തിപരിചയം, ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കൽ, കുട്ടികളുടെ വിശദ വിവരങ്ങൾ വാഹനത്തിൽ സൂക്ഷിക്കൽ, കുട്ടികളെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കാൻ ഡ്രൈവറെ കൂടാതെ ബസിൽ മുതിർന്ന വ്യക്തി തുടങ്ങിയ നിർദേശങ്ങൾ അധികൃതർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇവ പൂർണമായും പാലിക്കുന്ന സ്കൂളുകൾ കുറവാണ്. ദിവസങ്ങൾക്ക് മുമ്പ് വളാഞ്ചേരിയിൽ വിദ്യാർഥികളുമായി പോയ ബസ് പാടത്തേക്ക് മറിഞ്ഞത് ഭീതി സൃഷ്ടിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിയന്ത്രണം വിട്ട ബസിടിച്ച് വിദ്യാർഥി മരിച്ചിരുന്നു. അപകടങ്ങൾക്ക് പിറകെ നടപടി ശക്തമാക്കുമെങ്കിലും പിന്നീട് കർശന നടപടികൾ ഉണ്ടാകാറില്ല. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജില്ലയിൽ വീഴ്ച വന്നതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ മലപ്പുറത്ത് സിറ്റിങ്ങിനിടെ പരാമർശിച്ചിരുന്നു. ചില എയ്ഡഡ്- അൺ എയ്ഡഡ് സ്കൂളുകളുടെ വാഹനങ്ങൾ കമീഷൻ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും വ്യക്തമാക്കുകയുണ്ടായി. സ്വകാര്യ സ്കൂളുകളാണ് നിയമലംഘനങ്ങളിൽ മുന്നിൽ. വാഹന പരിശോധനകൾ നടക്കുന്നുണ്ടെന്നും ഡ്രൈവർമാർക്ക് നൽകിയ പരിശീലനം ഗുണം ചെയ്തെന്നും മോേട്ടാർ വാഹന വകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.