ശ്രീകുമാർ ഊർങ്ങാട്ടിരിക്കാരുടെ ഹൃദയശ്രീ

അരീക്കോട്: സർക്കാർ ഓഫിസുകളിലെ ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ഓഫിസിലെ എൽ.ഡി ക്ലർക്ക് ശ്രീകുമാർ മാവൂർ. പഞ്ചായത്ത് ഓഫിസിലെത്തുന്നവർക്ക് പ്രിയങ്കരനാണ് ഈ ജീവനക്കാരൻ. ഒരു പതിറ്റാണ്ടിലേറെയായി ശ്രീകുമാർ ഊർങ്ങാട്ടിരി പഞ്ചായത്ത് ഓഫിസിലുണ്ട്. ഇടക്ക് കുറച്ച് കാലം വാഴയൂർ പഞ്ചായത്ത് ഓഫിസിലേക്ക് സ്ഥലം മാറിപ്പോകേണ്ടി വന്നെങ്കിലും ഊർങ്ങാട്ടിരിയുമായുള്ള ആത്മബന്ധം ശ്രീകുമാറിനെ തിരികെയെത്തിച്ചു. രാജ്യത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ ഊർങ്ങാട്ടിരിയുടെ മുക്കും മൂലയും ജനങ്ങളും കാണാപ്പാഠമാണ് ശ്രീകുമാറിന്. പഞ്ചായത്ത് ഓഫിസിലെത്തുന്ന ഏതൊരു സാധാരണക്കാരനും ആദ്യം തെരയുന്നത് ശ്രീകുമാറിനെയായിരിക്കും. ആരോടും സൗമ്യമായി പെരുമാറി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ശൈലിയാണ് ശ്രീകുമാറിനെ നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്. നിയമതടസ്സമുള്ള കാര്യങ്ങളാണെങ്കിൽ ആവശ്യവുമായി വരുന്നവരെ ശ്രീകുമാർ അക്കാര്യം ബോധ്യപ്പെടുത്തി ആശയക്കുഴപ്പം തീർത്ത് വിടും. ആദിവാസി വിഭാഗങ്ങളും കുടിയേറ്റ കർഷകരും ധാരാളമുള്ള പഞ്ചായത്തിൽ സാധാരണക്കാരുടെ അപേക്ഷ ഫോമുകൾ പൂരിപ്പിച്ച് നൽകുന്ന പണി വരെ ശ്രീകുമാർ ഏറ്റെടുക്കുന്നു. മികച്ച കലാകാരനും എഴുത്തുകാരനും കൂടിയാണ് ശ്രീകുമാർ. തമിഴ്നാട് സർക്കാർ മികച്ച ചിത്രകാരന് നൽകുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം അവാർഡ് നേടിയിട്ടുണ്ട്. പഞ്ചായത്ത് സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ ഭാഗമായുള്ള പെയിൻറിങ് പ്രദർശനങ്ങൾക്കെല്ലാം തൽസമയ ചിത്രങ്ങൾ വരച്ചിരുന്നതും ശ്രീകുമാറാണ്. മികച്ച കവി കൂടിയായ ശ്രീകുമാറി​െൻറ കവിതകൾ നിരവധി പ്രസിദ്ധീകരണങ്ങളിൽ വെളിച്ചം കണ്ടിട്ടുണ്ട്. ഊർങ്ങാട്ടിരിയുടെ പെരുമ പറയുന്ന ചരിത്രപുസ്തകത്തി​െൻറ പണിപ്പുരയിലാണിപ്പോൾ ശ്രീകുമാർ. 'ഊർങ്ങാട്ടിരി രേഖകൾ' എന്നാണ് പുസ്തകത്തി​െൻറ പേര്. മൂർക്കനാട് ഗവ. യു.പി സ്കൂൾ അധ്യാപിക രശ്മിയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.