കൃഷിഭവൻ വഴി വിതരണം ചെയ്ത​ കുരുമുളക് വള്ളികളിലേറെയും ഉണങ്ങിയവയെന്ന്

കരുവാരകുണ്ട്: അത്യുൽപാദന ശേഷിയുള്ളതെന്ന് പറഞ്ഞ് കൃഷിഭവൻ വഴി വിതരണം ചെയ്ത കുരുമുളക് വള്ളികളിൽ പലതും അഴുകിയതും ഉണങ്ങിയവയുമെന്ന് കർഷകർ. കുരുമുളക് കൃഷി വികസനത്തിനായി കർഷകർക്ക് വള്ളികളും സബ്സിഡി നിരക്കിൽ വളവും നൽകുന്ന പദ്ധതി കൃഷി വകുപ്പാണ് നടപ്പിലാക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കർഷകർക്കാണ് 220 വള്ളികൾ വീതം വിതരണം ചെയ്തത്. ഒരു കൂടിൽ നാലു വള്ളികൾ വീതമുണ്ട്. എന്നാൽ ഇവയിൽ പലതും കേടുള്ളവയാണെന്നാണ് കർഷകർ പറയുന്നത്. കൂട്ടിൽ നിന്ന് മണ്ണിലേക്ക് മാറ്റി നടുന്നതിനു മുമ്പേ തന്നെ കൂടയിലിരുന്ന് വള്ളികൾ അഴുകി നശിച്ചുപോവുകയാണ്. കൂടയിലിരുന്ന് ഉണങ്ങിയ ചിലത് പറിച്ചെടുത്തപ്പോൾ വേരുപിടിക്കാത്ത നിലയിലാണ് കണ്ടത്. ദ്രുതവാട്ടം പിടിപെട്ട തോട്ടങ്ങളിൽ നിന്ന് ശേഖരിച്ചവയും കാട്ടുവള്ളി ഇനങ്ങളിൽ പെട്ടവയുമാണ് കർഷകർക്ക് വിതരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. മുൻ വർഷങ്ങളിൽ ഈ പദ്ധതി വഴി ലഭിച്ച വള്ളികൾ നട്ട് കാലങ്ങൾ കഴിഞ്ഞിട്ടും ചില ചെടികളിൽ തിരികൾ വിരിഞ്ഞിരുന്നില്ല. കർഷകരെ വഞ്ചിക്കുന്ന കൃഷിഭവൻ നിലപാടിൽ കേരള കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് പി. കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. Photo: കരുവാരകുണ്ട് കൃഷിഭവൻ വഴി വിതരണം നടത്തിയ ഉണങ്ങിയ കുരുമുളകു വള്ളികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.