കാളികാവിൽനിന്ന്​ ശേഖരിച്ച 20 ലോഡ് മാലിന്യം കയറ്റി അയച്ചു

കാളികാവ്: സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിത ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍നിന്ന് ശേഖരിച്ച മാലിന്യ ശേഖരം കയറ്റി അയച്ചു. കര്‍ണാടകയിലെ റീസൈക്ലിങ് ഫാക്ടറികളിലേക്കാണ് പ്ലാസ്റ്റിക്മാലിന്യം കയറ്റി അയച്ചത്. സംസ്ഥാന സര്‍ക്കാറി​െൻറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിരുന്നു. സമീപ പഞ്ചായത്തുകളില്‍ പദ്ധതി പൂര്‍ണമായി നടപ്പാകാത്ത സാഹചര്യത്തില്‍ കാളികാവ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഏറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടു. മൂന്നാംഘട്ടത്തില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍നിന്നും ശേഖരിച്ച മാലിന്യങ്ങളാണ് കയറ്റി അയച്ചത്. ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും വ്യാപാരികളും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും അടക്കാകുണ്ട് ക്രസൻറ് സ്‌കൂള്‍ എന്‍.എസ്.എസ്, സ്‌കൗട്ട് യൂനിറ്റുകളും കാളികാവ് സ്റ്റേഷനിലെ പൊലീസുകാരുമെല്ലാം ചേര്‍ന്നായിരുന്നു മാലിന്യങ്ങള്‍ ശേഖരിച്ചത്. വീടൊന്നിന് ആദ്യഘട്ടം പത്ത് രൂപയും രണ്ടാം ഘട്ടം 30 രൂപയും പദ്ധതി ചെലവിലേക്ക് വിഹിതമായി പിരിച്ചെടുത്തിരുന്നു. പിരിവുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്ന് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവക്ക് മുഖം കൊടുക്കാതെ പഞ്ചായത്തധികൃതര്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. പ്ലാസ്റ്റിക് നിരോധനം പൂര്‍ണ തോതില്‍ നടപ്പാക്കുന്നതി​െൻറ ഭാഗമായി പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി.എ. നാസര്‍, കാളികാവ് സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. മുഹമ്മദലി, ജെ.എച്ച്.ഐ എ.പി. പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം : കാളികാവ് പഞ്ചായത്ത് പരിധിയില്‍ നിന്ന് ശേഖരിച്ച മാലിന്യം റീസൈക്കിളിങ് ഫാക്ടറിയിലേക്ക് കയറ്റി അയക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.