കറന്‍സി ക്ഷാമത്തിന് പരിഹാരമായി തേഞ്ഞിപ്പലം സഹകരണ ബാങ്കിന്‍െറ ‘കൂപൈസ’

മലപ്പുറം: കറന്‍സി ക്ഷാമത്തിന് പരിഹാരമായി തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കിന്‍െറ സംരംഭം. കൂപൈസ (കോഓപറേറ്റിവ് പൈസ) എന്ന പേരില്‍ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ കറന്‍സി സംവിധാനം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാനും ഓട്ടോയില്‍ യാത്ര ചെയ്യാനും കഴിയുമെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപഭോക്താവിന്‍െറ കൈയിലുള്ള ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ വഴി, കടയിലും ഓട്ടോയിലും പതിച്ച ക്യൂ.ആര്‍ (ക്യുക്ക് റെസ്പോണ്‍സ്) കോഡ് സ്കാന്‍ ചെയ്യുകയാണ് വേണ്ടത്. മത്സ്യമാര്‍ക്കറ്റിലടക്കം ദിനംപ്രതി 10,000 രൂപയുടെ വരെ സാമ്പത്തിക ഇടപാടുകള്‍ നടത്താനാവും. ഇതിനായി ഗൂഗിള്‍ പ്ളേ സ്റ്റോറിലെ thtps://goo.gl/RNE4XJ എന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന്, ഉപഭോക്താവിന്‍െറ ഫോണ്‍ ഉപയോഗിച്ച് ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് കടയുടമയുടെയോ ഓട്ടോ ഡ്രൈവറുടെയോ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫറാവും. തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കിലെ ഇടപാടുകാര്‍ക്ക് പരസ്പരം പണം കൈമാറാനും അവസരമുണ്ട്. സ്മാര്‍ട്ട് ഫോണും ഇന്‍റര്‍നെറ്റ് സംവിധാനവും ഇല്ലാത്തവര്‍ക്കും ഈ രീതിയില്‍ പണം കൈമാറ്റം ചെയ്യാം. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് വണ്‍ ടൈം പാസ്വേര്‍ഡ് ഉപയോഗിച്ച് ഇടപാട് പൂര്‍ത്തിയാക്കാം. ഇടപാട് പൂര്‍ണമാകുമ്പോള്‍ ഉപഭോക്താവിന് എസ്.എം.എസ് ലഭിക്കുമെന്നതിനാല്‍ സുരക്ഷിതവുമാണെന്ന് ബാങ്ക് ഭാരവാഹികളായ പി.കെ. പ്രദീപ് മേനോന്‍, ശ്രീജിത്ത് പുല്ലശ്ശേരി, ടി.പി. തിലകന്‍, പി. വിനോദ്, കെനില്‍സ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.