വനംവകുപ്പുമായി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് മന്ത്രിയുടെ ഉറപ്പ്

പാലക്കാട്: ജില്ലയിലെ വനംവകുപ്പുമായി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് വനംമന്ത്രി കെ. രാജു. തിങ്കളാഴ്ച പാലക്കാടെത്തിയ മന്ത്രി കേരള കർഷക സംരക്ഷണ അസോസിയേഷൻ ഭാരവാഹികളുമായി സി.പി.ഐ ജില്ല ഓഫിസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നൽകിയത്. കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അസോസിയേഷൻ മന്ത്രിക്ക് നിവേദനം നൽകി. വിവാദമായ കുറുക്കൻകുണ്ട് ഭൂമി പ്രശ്നത്തിൽ റവന്യൂ വകുപ്പുമായി കൂടിയാലോചിച്ച് സംയുക്ത സർവേ നടത്താൻ നടപടി സ്വീകരിക്കും. എലവഞ്ചേരി വില്ലേജിൽ നികുതി സ്വീകരിക്കാത്ത 18 കുടുംബങ്ങളെ ആരും ഇറക്കിവിടില്ല. മുഴുവൻ രേഖകളും കൈവശമുണ്ടെങ്കിൽ ആരെയും പേടിക്കേണ്ടെന്നും മന്ത്രി ഉറപ്പു നൽകി. ഫോറസ്റ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും ഭൂമി അളന്നുതിരിച്ച് നൽകിയില്ലെങ്കിൽ കർഷകർ വിവരം ട്രൈബ്യൂണലിനെ അറിയിക്കണം. അട്ടപ്പാടിയിൽ പ്രശ്നപരിഹാരത്തിന് ഉടൻ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കുമെന്നും ഊരുമൂപ്പന്മാർക്ക് മന്ത്രി ഉറപ്പുനൽകി. കർഷകർ സർക്കാർ വിള ഇൻഷുറൻസിൽ ചേർന്ന് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. വനാതിർത്തിയോട് ചേർന്ന് കൃഷി ചെയ്യുന്നവരുടെ കൃഷി വന്യമൃഗങ്ങൾ നശിപ്പിച്ചാൽ സർക്കാർ സഹായവും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ 1.1.1977ന് മുമ്പ് കൈയേറിയ 643 കുടുംബങ്ങളുടെ ഭൂമിയുടെ നികുതി സ്വീകരിക്കുക, ഇ.എഫ്.എൽ നോട്ടിഫൈ ചെയ്ത രണ്ട് ഹെക്ടറിൽ താഴെ മാത്രമുള്ള കർഷകരുടെ ഭൂമി ഉപാധികളില്ലാതെ വിട്ടുനൽകുന്നതിന് നിയമഭേദഗതി വരുത്തുക, ഈ വർഷം മുതൽ നികുതി സ്വീകരിക്കാത്ത എലവഞ്ചേരി വില്ലേജിലെ 18 കുടുംബങ്ങളുടെ നികുതി സ്വീകരിക്കുക, കുറുക്കൻകുണ്ട് പ്രശ്നത്തിൽ നടപടി സ്വീകരിക്കുക തുടങ്ങി‍യ ആവശ്യങ്ങളാണ് അസോസിയേഷൻ ഉന്നയിച്ചത്. സി.പി.ഐ ജില്ല സെക്രട്ടറി ചാമുണ്ണി, അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്മ​െൻറ് ആൻറണി, ഊരുമൂപ്പന്മാരായ തോതി, മരുത്, മണ്ണൻ, കുറുക്കൻകുണ്ട് വികാരി ഫാ. സജി വട്ടുക്കളത്തിൽ, ജനാർദനൻ, ശിവരാമൻ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.