ബലിപെരുന്നാളിന് വിലവർധനയില്ല; ജില്ലയിലെ ചന്തകളില്‍ യഥേഷ്​ടം കാലികള്‍

നിലമ്പൂർ: ബലിപെരുന്നാളിനായി അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലെ ചന്തകളിലെത്തിയത് യഥേഷ്ടം കന്നുകാലികൾ. കാലികള്‍ക്ക് ഇത്തവണ കാര്യമായ വിലവർധന ഇല്ലെന്നതാണ് ഏറെ ആശ്വാസം. പെരുന്നാളിന് മുന്നോടിയായി ജില്ലയിലെ കാലിച്ചന്തകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എടക്കര, മഞ്ചേരി, ചേളാരി എന്നിവയാണ് ജില്ലയിലെ പ്രധാന കാലിച്ചന്തകൾ. പെരുന്നാളിന് ബലി നൽകാനുള്ള ലക്ഷണമൊത്ത കാലികളെ തേടി നൂറുകണക്കിന് ആളുകളാണ് ചന്തകളില്‍ എത്തുന്നത്. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള കാലികളാണ് ജില്ലയില്‍ എത്തുന്നത്. എടക്കര ചന്തയില്‍ ശനിയാഴ്ച ആയിരത്തിലധികം കാലികളെയാണ് വിൽപനക്കായി കൊണ്ടുവന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആവശ്യക്കാരാണ് ചന്തയില്‍ എത്തിയത്. കാലികളെ കൊണ്ടുവരുന്നത് അയല്‍ സംസ്ഥാനങ്ങളിലെ ഗോസംരക്ഷണ സേന പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് മാസങ്ങളായി ചന്തകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. സംസ്ഥാന സര്‍ക്കാറും പൊലീസും ചേര്‍ന്ന് നടത്തുന്ന നടപടികളിലൂടെ കാലികളെ കൊണ്ടുവരാനുള്ള തടസ്സങ്ങള്‍ നീക്കിയിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ചേളാരി ചന്തയിലേക്കും എടക്കരയില്‍നിന്ന് കാലികളെ കൊണ്ടുപോയിട്ടുണ്ട്. ആവശ്യക്കാരുടെ എണ്ണം വർധിച്ചതിനാലും പെരുന്നാൾ പ്രമാണിച്ചും വ്യാഴാഴ്ചയും എടക്കര ചന്ത പ്രവര്‍ത്തിക്കുമെന്ന് കന്നുകാലി വ്യാപാരികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.