കരാറുകാരന് രണ്ടുതവണ പണം നൽകൽ: എട്ട്​ ജീവനക്കാർക്കെതിരായ നടപടി പിൻവലിച്ചു

അരീക്കോട്: ഊർങ്ങാട്ടിരി-, അരീക്കോട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൈത്രക്കടവ് പാലം നിർമിച്ച കരാറുകാരന് രണ്ടുതവണ പണം അനുവദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എട്ട് പൊതുമരാമത്ത് വകുപ്പ് ജീവനക്കാർക്കെതിരായ നടപടി പിൻവലിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ഇസ്മായിൽ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് അൻവർ, അസിസ്റ്റൻറ് എൻജിനീയർമാരായ വിജയൻ, കെ. ജയൻ, സീനിയർ സൂപ്രൻറ് രവീന്ദ്രൻ, ജൂനിയർ സൂപ്രൻറ് കൃഷ്ണൻകുട്ടി, ക്ലർക്ക് ജോൺസൻ ജോർജ്, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ പ്രദീപ് കുമാർ എന്നിവർക്കെതിരായ നടപടിയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിൻവലിച്ചത്. പാലക്കാട് ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ അസിസ്റ്റൻറ് എൻജിനീയർ സിനോയ് ജോയിയുടെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. ഇദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. കുറ്റാരോപിതരായ മറ്റു നാല് ജീവനക്കാർ സർവിസിൽനിന്ന് വിരമിച്ചവരാണ്. 2010ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് തറക്കല്ലിട്ട പാലം അഞ്ച് വർഷമെടുത്താണ് പൂർത്തിയാക്കിയത്. അക്കൗണ്ടൻറ് ജനറലി​െൻറ പരിശോധനയിലാണ് ഒരേ ബില്ലിന് രണ്ടു തവണയായി കരാറുകാരന് 14 ലക്ഷം രൂപ വീതം അനുവദിച്ചതായി കണ്ടെത്തിയത്. തുടർന്ന്‌ ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരം 10 പേരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ, മൈത്രക്കടവ് പാലം സംബന്ധിച്ച ഒരു ഫയൽ പോലും തങ്ങൾ കൈകാര്യം ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ജോയൻറ് സെക്രട്ടറിയെ ബോധ്യപ്പെടുത്തിയതോടെ എട്ട് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.