കാലിക്കറ്റില്‍ ദിവസവേതനക്കാര്‍ക്ക് ദിവസവും വേദന

കോഴിക്കോട്: സുവര്‍ണ ജൂബിലിയുടെ തിളക്കത്തിലും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ സ്വന്തം സ്വാശ്രയ സ്ഥാപനങ്ങളിലെ ദിവസവേതന ജീവനക്കാര്‍ക്ക് ശമ്പളത്തിനായി കാത്തിരിപ്പ്. യൂനിവേഴ്സിറ്റി നേരിട്ട് നടത്തുന്ന എം.ബി.എ, എം.സി.എ, ബി.എഡ്, എം.എസ്.ഡബ്ല്യു കോഴ്സുകളുള്ള സ്ഥാപനങ്ങളിലെ ദിവസവേതനക്കാരെയാണ് ജോലിക്ക് കൂലി നല്‍കാതെ അധികൃതര്‍ ദ്രോഹിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പിന്തുടര്‍ന്ന്, കരാര്‍ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ആഗസ്റ്റിലെ ശമ്പളം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് കാലിക്കറ്റില്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍, കുടിശ്ശികയടക്കം നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഓണത്തിന് അലവന്‍സും കൊടുക്കണമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഓണം അലവന്‍സ് ഈ ഓണക്കാലമായിട്ടും കിട്ടാത്തവരുണ്ട്. ഭൂരിപക്ഷം പേര്‍ക്കും ഏറെ വൈകിയാണ് അലവന്‍സ് ലഭിക്കുന്നത്. തൃശൂരിലെ അരണാട്ടുകരയിലെയും പുല്ലാട്ടെയും യൂനിവേഴ്സിറ്റിയുടെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ദിവസവേതനക്കാരില്‍ ചിലര്‍ക്ക് നാലുമാസമായി വേതനമില്ല. പ്യൂണ്‍, വാച്ച്മാന്‍, പ്രഫഷനല്‍ അസി. തുടങ്ങിയ തസ്തികകളില്‍ ഇരുന്നൂറോളം ദിവസവേതനക്കാര്‍ യൂനിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. പത്തിലേറെ വര്‍ഷമായി തുടരുന്നവരാണ് പലരും. രണ്ട് മാസത്തേക്കാണ് നിയമനം. കാലാവധി കഴിഞ്ഞാല്‍ വീണ്ടും നീട്ടിക്കൊടുക്കാറാണ് പതിവ്. എന്നാല്‍, ജോലിയില്‍ തുടരാനുള്ള ഉത്തരവ് നല്‍കാത്തതാണ് വേതനം വൈകാന്‍ കാരണം. ഭരണകാര്യാലയം തികഞ്ഞ അനാസ്ഥയും അവഗണനയുമാണ് തുടരുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ആഗസ്റ്റ് മുതല്‍ സെല്‍ഫ് ഫിനാന്‍സിങ് സെന്‍േറഴ്സ് ഡയറക്ടറേറ്റിനാണ് ശമ്പളകാര്യത്തിലെ ഉത്തരവാദിത്തം. ജൂലൈ മാസത്തെ കൂലി ആര്‍ക്കും ലഭിച്ചിട്ടില്ല. ജൂലൈക്ക് മുമ്പുള്ള മാസങ്ങളിലും കുടിശ്ശികയുണ്ട്്. ഭരണകാര്യാലയത്തിലെ അനാസ്ഥയല്ലെന്നും സെല്‍ഫ് ഫിനാന്‍സിങ് സെന്‍േറഴ്സ് ഡയറക്ടറേറ്റിന് ഫയലുകള്‍ കൈമാറിയെന്നുമാണ് ഭരണകാര്യാലയത്തി​െൻറ വിശദീകരണം. എന്നാല്‍, ഒന്നും കിട്ടിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്. ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസ കാലാവധി തീരുന്നതിന് രണ്ടാഴ്ച മുമ്പേ ജീവനക്കാര്‍ അപേക്ഷ നല്‍കാറുണ്ടെങ്കിലും മെല്ലെപ്പോക്ക് തുടരുകയാണ്. എല്ലാ മാസവും പത്തിനകം ഈ ജീവനക്കാര്‍ക്ക് വേതനം വിതരണം ചെയ്യണമെന്ന് എം. അബ്ദുല്‍ സലാം വൈസ് ചാന്‍സലറായിരുന്ന കാലത്ത് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനൊന്നും വിലയില്ലാത്ത അവസ്ഥയാണ്. സര്‍വകലാശാല ആസ്ഥാനമായ തേഞ്ഞിപ്പലത്തെ സ്വാശ്രയ കോഴ്സുകളിലെ ദിവസക്കൂലിക്കാര്‍ക്കടക്കം കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. ആസ്ഥാനമായതിനാല്‍ ഇവര്‍ക്ക് കൃത്യമായി ഇടപെടാനാവുന്നുണ്ട്. ദൂരസ്ഥലങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് തേഞ്ഞിപ്പലത്ത് വന്ന് കാര്യങ്ങള്‍ അന്വേഷിക്കണമെങ്കില്‍ ഒരുദിവസത്തെ കൂലി നഷ്ടമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.