വാട്സ്​ആപ്പുകളിൽ വ്യാജ സന്ദേശങ്ങൾ; പുലിവാൽ പിടിച്ച് പൊലീസും മാധ്യമ പ്രവർത്തകരും

തിരൂർ: തിരൂർ സംഭവങ്ങളുടെ ചുവടുപിടിച്ച് വാട്സ്ആപ് വഴി വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത് പൊലീസിനും മാധ്യമ പ്രവർത്തകർക്കും പുലിവാലായി. സന്ദേശങ്ങളുടെ നിജസ്ഥിതി തേടി ആളുകൾ പൊലീസിനെയും മാധ്യമ പ്രവർത്തകരേയും നിരന്തരം വിളിക്കുന്നതിനാൽ മറുപടി നൽകി കുഴങ്ങി. വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങിയ വ്യാജസന്ദേശങ്ങളുടെ പ്രചാരണം വെള്ളിയാഴ്ചയും തുടർന്നു. വെള്ളിയാഴ്ച ജില്ലയിൽ ആർ.എസ്.എസ് ഹർത്താലിന് ആഹ്വാനം ചെയ്തെന്നായിരുന്നു വ്യാഴാഴ്ചയിലെ ആദ്യ പ്രചാരണം. തുടർന്ന് നിജസ്ഥിതി അറിയാൻ ആളുകൾ പൊലീസിനെയും മാധ്യമ പ്രവർത്തകരേയും നിരന്തരം വിളിക്കുകയായിരുന്നു. രാത്രിയോടെ ഹർത്താൽ കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഡി.പി.ഐ അവധി പ്രഖ്യാപിച്ചെന്ന സന്ദേശവും പ്രചരിച്ചു. ഗ്രൂപ്പുകളിൽ വ്യാപകമായി ഇവ പ്രചരിപ്പിക്കപ്പെട്ടു. അതിനിടെ തിരൂരിൽ സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ബംഗാളി യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രം സഹിതം തിരൂരിൽ വീണ്ടും സംഘർഷമുണ്ടായെന്ന പ്രചാരണം ഉയർന്നു. ഇതേ സംഭവം ചൂണ്ടിക്കാട്ടി തിരൂരിൽ കത്തിക്കുത്തുണ്ടായെന്നും പരിക്കേറ്റയാളെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള ഓഡിയോ സന്ദേശവും വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടു. തിരൂരിലേക്ക് ആരും വരരുതെന്നും സംഘർഷം തുടരുകയാണെന്നുമുള്ള വ്യാജ മുന്നറിയിപ്പും ഈ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ശനിയാഴ്ച ഹർത്താലാണെന്നായിരുന്നു വെള്ളിയാഴ്ച രാവിലെ മുതൽ കൈമാറ്റം ചെയ്യപ്പെട്ട സന്ദേശം. ഇതിനെ കുറിച്ചറിയാനും ആളുകൾ വിളിച്ചത് പൊലീസിലും മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകളിലുമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് നവമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് വ്യാഴാഴ്ചതന്നെ നിർദേശിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഇത്തരം സന്ദേശങ്ങൾ കൈമാറുന്ന ഗ്രൂപ്പുകളെ നിരീക്ഷിച്ച് കർശന നടപടിയെടുക്കുമെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.