ആവാസ് പദ്ധതി: ജില്ലയിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്താൻ തൊഴിൽവകുപ്പ് നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ സ്തംഭിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിൽനിന്ന് ഒരുലക്ഷം തൊഴിലാളികളെ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. ഓരോ വർഷവും 15,000 രൂപയുടെ സൗജന്യ ചികിത്സ, ഇൻഷുറൻസ് പരിരക്ഷ, തൊഴിലാളി മരിച്ചാൽ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ തുടങ്ങിയവയായിരുന്നു പദ്ധതി ആനുകൂല്യങ്ങൾ. 15 മുതൽ 60 വരെ പ്രായമുള്ളവർക്ക് ആവാസി​െൻറ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ, പദ്ധതിയുടെ കാര്യപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നിട്ടില്ല. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ആദ്യ അഞ്ചുവർഷത്തേക്ക് ബയോമെട്രിക് കാർഡുകൾ നൽകാനായിരുന്നു ആലോചന. കാർഡ് വിതരണം ജൂലൈ മാസത്തിൽ തീർക്കാൻ ജില്ല ലേബർ ഓഫിസർമാർക്ക് നിർദേശവും നൽകിയിരുന്നു. ഇതിനായി ആഭ്യന്തര, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ തൊഴിലാളികളുടെ വിവരശേഖരണം നടത്താൻ 107 ഇടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, ജില്ലതല മോണിറ്ററിങ് സമിതി രൂപവത്കരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ചോദ്യാവലി നൽകിയതല്ലാതെ തുടർ നിർദേശങ്ങളൊന്നും വന്നിട്ടില്ലെന്ന് ജില്ല ലേബർ ഓഫിസ് അധികൃതർ വ്യക്തമാക്കി. സർക്കാർ ആശുപത്രികൾക്ക് പുറമെ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു ആവാസ്. തൊഴിലാളികൾ നാട്ടിലായിരിക്കെ അസുഖം വന്നാലും കേരളത്തിലെത്തി ചികിത്സ നടത്താമെന്നതായിരുന്നു മറ്റൊരു നേട്ടമായി സർക്കാർ ഉയർത്തിക്കാണിച്ചിരുന്നത്. രണ്ടരലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് തൊഴിൽവകുപ്പി​െൻറ കണക്ക്. ജില്ലയിൽ പെരിന്തൽമണ്ണ, തിരൂർ നഗരങ്ങളിലാണ് കൂടുതൽ തൊഴിലാളികളെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.