'കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം'

പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോളജ് അധികൃതർ ശ്രമിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പ്രിൻസിപ്പൽ. അധ്യാപകർക്കിടയിൽ രാഷ്ട്രീയ ചേരിതിരിവുണ്ടെന്നും ചിലർ നിക്ഷിപ്ത താൽപര്യങ്ങളോട് കൂടി പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് പറഞ്ഞു. ഒരുകൂട്ടം വിദ്യാർഥികൾ നടത്തിയ അക്രമങ്ങൾ കാരണം കോളജ് അടച്ചിടാൻ നിർബന്ധിതരാവുകയായിരുന്നു. വിദ്യാർഥി സംഘടനകളുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുമെടുത്തത്. അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ നിലവിൽ ആരോപിക്കുന്ന രീതിയിലെ പരാതി പ്രിൻസിപ്പൽക്കോ റിട്ടേണിങ് ഓഫിസർക്കോ ഒരു വിദ്യാർഥി സംഘടനയും നൽകിയിട്ടില്ല. അപാകതയുണ്ടെന്ന് കണ്ടെത്തി തള്ളിയ അഞ്ച് നാമനിർദേശ പത്രികകൾ വ്യത്യസ്ത വിദ്യാർഥി സംഘടനകളുടേതാണ്. എന്നാൽ, ഒരു പ്രത്യേക സംഘടനയുടെ പത്രികകളാണ് ഒഴിവാക്കിയതെന്ന തരത്തിലാണ് പ്രചാരണം. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വന്ന ദിവസംതന്നെ നടപടിക്രമം നോട്ടിസ് ബോർഡിൽ പതിച്ചിരുന്നു. വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളെ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും നിയമങ്ങളും വിശദീകരിക്കുകയും നിയമാവലിയുടെ കോപ്പികള്‍ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്നുവരെ റിട്ടേണിങ് ഓഫിസറുടെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട അധ്യാപകരുടെയും സാന്നിധ്യത്തിലാണ് നാമനിർദേശ പത്രിക സ്വീകരിച്ചത്. സൂക്ഷ്മ പരിശോധന ഉണ്ടാകുമെന്ന് നേരത്തേ അറിയിച്ചെങ്കിലും സ്ഥാനാർഥികളോ ഏജൻറുമാരോ അന്ന് വൈകീട്ട് 3.45 വരെ ഹാജരായില്ല. തുടർന്നാണ് റിട്ടേണിങ് ഓഫിസറും കമ്മിറ്റി അംഗങ്ങളും നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധന നടത്തിയത്. അക്രമത്തെ തുടർന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടതിനാലും ജീവനക്കാരുടെ ജീവനും കോളജി‍​െൻറ സ്വത്തിനും ഭീഷണിയുള്ളതിനാലും തല്‍ക്കാലം തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പ്രിന്‍സിപ്പൽ വിദ്യാർഥി ഡീനിനെ അറിയിച്ചതായും വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു. പി.ടി.എ അപലപിച്ചു പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജില്‍ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ അതിക്രമങ്ങളെ പി.ടി.എ എക്സിക്യൂട്ടിവ് യോഗം അപലപിച്ചു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാവണമെന്നും കോളജി‍​െൻറ സുഗമമായ നടത്തിപ്പിന് പി.ടി.എയുടെ പൂർണ പിന്തുണയുണ്ടാവുമെന്നും യോഗം അറിയിച്ചു. ആവശ്യമെങ്കില്‍ ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് രക്ഷിതാക്കളെ ഉണ്ടായ സംഭവങ്ങള്‍ ധരിപ്പിക്കും. യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് അധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി ഡോ. ശ്രീജിത്ത്, വൈസ് പ്രസിഡൻറ് കെ. അബ്ദുൽ ഗഫൂർ, പി.കെ. മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.