കനത്ത പൊലീസ് സുരക്ഷയിൽ കുറ്റിപ്പാലയിൽ വിദേശമദ്യ വിൽപനശാല തുടങ്ങി

എടപ്പാൾ: നിരവധി പ്രതിഷേധങ്ങൾക്കിടയിലും കനത്ത പൊലീസ് സുരക്ഷയിൽ വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിൽ ബിവ്റേജസ് കോർപറേഷ​െൻറ വിദേശമദ്യ വിൽപനശാല പ്രവർത്തനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 10ന് ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. ജനകീയ സമരസമിതി പ്രവർത്തകർ ഹൈകോടതിയിൽനിന്ന് നേടിയ അനുകൂല ഉത്തരവ് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയെങ്കിലും അംഗീകരിച്ചില്ല. സംരക്ഷണം നൽകാൻ എസ്.പിയുടെ നിർദേശമുണ്ടെന്ന് സമരസമിതിയെ പൊലീസ് അറിയിക്കുകയായിരുന്നു. പൊലീസ് അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിൽ സമരസമിതി പ്രവർത്തകർ സ്ഥലത്തുനിന്ന് പിൻവാങ്ങി. ഇതിന് ശേഷമാണ് വിൽപനകേന്ദ്രം പ്രവർത്തനമാരംഭിച്ചത്. രണ്ട് വർഷംമുമ്പാണ് കണ്ടനകത്ത് പ്രവർത്തിച്ചിരുന്ന വിൽപനകേന്ദ്രം കുറ്റിപ്പാലയിലേക്ക് മാറ്റാൻ നീക്കം തുടങ്ങിയത്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നീക്കം പിന്നീട് ഉപേക്ഷിച്ചു. സംസ്ഥാന പാതയോരത്തുനിന്ന് മാറ്റണമെന്ന സുപ്രീം കോടതി വിധിയുടെ പാശ്ചാത്തലത്തിൽ വീണ്ടും വിൽപനകേന്ദ്രം കുറ്റിപ്പാലയിലേക്ക് മാറ്റിസ്ഥാപിക്കാൻ ശ്രമം തുടങ്ങി. വില്ലേജ് ഓഫിസിന് സമീപത്തെ കെട്ടിടത്തിൽ വിൽപനകേന്ദ്രം സജ്ജമാക്കിയതോടെ ജനകീയ സമരം ആരംഭിച്ചു. ഇതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചെങ്കിലും സർക്കാറി​െൻറ പുതിയ മദ്യനയം വന്നതോടെ വീണ്ടും ആരംഭിക്കാനുള്ള നീക്കം തുടങ്ങി. ഇതിനിടെ, സമരസമിതി ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാൽ, ഇതെല്ലാം മറികടന്നാണ് തിങ്കളാഴ്ച വിൽപനകേന്ദ്രം പ്രവർത്തനമാരംഭിച്ചത്. നിയമ നടപടികൾ തുടരാനാണ് സമരസമിതി തീരുമാനം. യു.ഡി.എഫ് പ്രത്യക്ഷസമരം ആരംഭിക്കുമെന്നും അറിയിച്ചു. പ്രതിഷേധം മുന്നിൽകണ്ട് പൊന്നാനി സി.ഐ സണ്ണി ചാക്കോ, വളാഞ്ചേരി സി.ഐ കൃഷ്ണൻ, ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ്, പൊന്നാനി എസ്.ഐ വാസു, മലപ്പുറത്തുനിന്ന് എ.ആർ സ്ട്രൈക്കിങ് ഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അടുപ്പുകൂട്ടി സമരം എടപ്പാൾ: പാചകവാതക സിലിണ്ടറി​െൻറ സബ്സിഡി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് അടുപ്പുകൂട്ടി സമരം നടത്തി. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡൻറ് ഐ.പി. ജലീൽ അധ്യക്ഷത വഹിച്ചു. വി.വി.എം. മുസ്തഫ, മുസ്തഫ കാലടി, കെ.പി. ഷെഹിൻ, വി.പി. റഷീദ്, ജംഷീർ കൈനിക്കര, ഇ.പി. അലി ഹഷ്കർ, പത്തിൽ സിറാജ്, ഹസൈനാർ നെല്ലിേശ്ശരി, ഷാഫി തണ്ടലം, ഉണ്ണീൻകുട്ടി തവനൂർ, സിദ്ദീഖ് മറവഞ്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.