കരാറുകാരൻ ചതിച്ചു; നിർമാണം പൂർത്തിയാകാത്ത വീട്ടിൽ ഭീതിയോടെ ആദിവാസി കുടുംബങ്ങൾ

പാലക്കാട്: വീടുനിർമാണം ഏറ്റെടുത്ത കരാറുകാരൻ വാക്ക് തെറ്റിച്ചതോടെ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയേണ്ട ഗതികേടിൽ എട്ടോളം ആദിവാസി കുടുംബങ്ങൾ. മലമ്പുഴ പഞ്ചായത്തിലെ നാലാം വാർഡിലെ കവ അടപ്പ് ആദിവാസി കോളനിയിലെ കുടുംബങ്ങളാണ് മഴക്കാലത്ത് ആനപ്പേടിയിൽ വാതിലുകൾ ഇല്ലാതെ കഴിയേണ്ടി വരുന്നത്. ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതിപ്രകാരം 2011-12 വർഷത്തിലാണ് വീട് അനുവദിച്ചത്. മിക്ക വീടുകളും ഭാഗികമായേ പൂർത്തിയായിട്ടുള്ളൂ. താമര-രാജാമണി ദമ്പതികളുടെ വീടി​െൻറ മേൽക്കൂര പോലും നിർമിച്ചിട്ടില്ല. ചുമർ നിർമാണം മാത്രമാണ് പൂർത്തിയായത്. വീട് നിർമാണത്തിനായി പഴയ വീട് പൊളിച്ച താമരയും കുടുംബവും ചോർന്നൊലിക്കുന്ന കൂരക്ക് കീഴിലാണ് രണ്ട് കുട്ടികളോടൊപ്പം താമസം. മറ്റു കുടുംബങ്ങളുടെ വീടുകൾക്ക് കക്കൂസ് നിർമിച്ചിട്ടില്ല. ചില വീടുകളിൽ ഒരു കോടി പദ്ധതിപ്രകാരം കക്കൂസ് നിർമിച്ചിട്ടുണ്ട്. വാതിലുകളോ ജനലുകളോ ഘടിപ്പിച്ചിട്ടില്ല. മഴക്കാലമായതോടെ ഇഴജന്തുക്കൾ വീട്ടിലേക്ക് കയറുമെന്ന ഭീതിയിലാണ് ഇവർ. കോളനിയിൽ ആനശല്യവും രൂക്ഷമാണ്. ഒരാളെ ചവിട്ടിക്കൊന്ന കൊട്ടേക്കാടിന് സമീപ പ്രദേശമാണ് കോളനി. വനത്തിൽനിന്ന് പൈപ്പ് വഴിയാണ് വീടുകളിൽ കുടിവെള്ളമെത്തിക്കുന്നത്. ചിലർക്ക് ചളി കലർന്ന വെള്ളമാണ് ലഭിക്കുന്നത്. കോളനിവാസികളുടെ വീടിന് ഫണ്ട് മുഴുവൻ അനുവദിച്ചതാണെന്ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വീട് നിർമാണത്തിന് ഗുണഭോക്താക്കളാണ് കരാർ നൽകിയത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരം അറിയില്ലെന്നും അധികൃതർ പറഞ്ഞു. ഫണ്ട് മുഴുവൻ കൈക്കലാക്കി കരാറുകാരൻ ചതിച്ചതാണെന്നാണ് ആദിവാസികൾ പറയുന്നത്. സഹായ പദ്ധതിയുമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ വീട് നിർമാണം പൂർത്തിയാക്കാത്തവർക്ക് പ്രത്യേക സഹായം നൽകുന്നു. സാമ്പത്തിക കാരണങ്ങളാൽ നിർമാണം പാതിവഴിയിൽ നിലച്ചവർക്കാണ് പ്രത്യേക സഹായം നൽകുന്നത്. ആനുകൂല്യം ലഭിക്കുന്നതിനായി 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ മുഴുവൻ രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. ജനകീയാസൂത്രണ പദ്ധതിയിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് സഹായം നൽകുന്നത്. രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് ഗുണഭോക്താക്കളെ കണ്ടെത്തും. ഫോൺ: 04912572014.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.