പള്ളിക്കലില്‍ ഹാള്‍ട്ടിങ് നമ്പര്‍ പുതുക്കാതെ ഓട്ടോകള്‍ സർവിസ് നടത്തുന്നതായി പരാതി

തേഞ്ഞിപ്പലം: ഹാള്‍ട്ടിങ് നമ്പര്‍ പുതുക്കാതെ പള്ളിക്കലിൽ ഓട്ടോകള്‍ സർവിസ് നടത്തുന്നതായി പരാതി. പൊലീസ് നിര്‍ദേശം ലംഘിച്ച് പള്ളിക്കല്‍ ബസാര്‍ സ് റ്റാന്‍ഡില്‍ സർവിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് കൃത്യമായ രേഖകള്‍ കൈവശമുള്ള പള്ളിക്കല്‍ ബസാറിലെ 115 ഓട്ടോകളില്‍ പുതുക്കിയ ഹാള്‍ട്ടിങ് നമ്പര്‍ പതിച്ചു. എന്നാല്‍, ഇങ്ങനെ ചെയ്യാതെയും ചില ഓട്ടോകള്‍ സർവിസ് നടത്തുന്നതായാണ് പരാതി. ലൈസന്‍സും ബാഡ്ജും ഹാജരാക്കി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാതെയും ഈ രേഖകളില്ലാതെയും സര്‍വിസ് നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പള്ളിക്കല്‍ ബസാറില്‍ ഹാള്‍ട്ടിങ് പെര്‍മിറ്റ് ലഭിച്ച മുഴുവന്‍ ഓട്ടോകള്‍ക്കും പാര്‍ക്കിങ് സൗകര്യമൊരുക്കണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു. നിലവിലുള്ള സ്റ്റാന്‍ഡില്‍ 20ൽ താഴെ ഓട്ടോകള്‍ മാത്രം പാര്‍ക്ക് ചെയ്യാനേ സൗകര്യമുള്ളൂ. ഇത് കാരണം റോഡി​െൻറ ഇരു ഭാഗത്തുമാണ് ഓട്ടോകൾ പാര്‍ക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും കച്ചവടക്കാരുമായും കാല്‍നട യാത്രക്കാരുമായും തർക്കത്തിനിടയാക്കുന്നു. പള്ളിക്കല്‍ ബസാര്‍ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോകള്‍ക്ക് അംഗീകൃത സ് റ്റാന്‍ഡ് അനുവദിക്കണമെന്ന് നിരന്തരമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും യൂനിയൻ ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ഉമ്മര്‍ കടകുളത്ത് അധ്യക്ഷത വഹിച്ചു. പി രജീഷ്, കെ. പ്രകാശന്‍, എന്‍. അശ്റഫ്, സി. ശറഫുദ്ദീന്‍, എ. അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.