അരീക്കോട്ട് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മാഫിയ: വലയൊരുക്കി പൊലീസ്

അരീക്കോട്: സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ ലക്ഷ്യമാക്കി കഞ്ചാവ് മാഫിയ അരീക്കോട്ട് ശക്തി പ്രാപിച്ചതോടെ പൊലീസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ ഒന്നേകാൽ കിലോ കഞ്ചാവാണ് അരീക്കോട് പൊലീസ് പിടികൂടിയത്. എസ്.ഐ സിനോദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്‌, സിയാദ്, ഷിജേഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കടത്തിയ ഊർങ്ങാട്ടിരി സ്വദേശി കാരിപറമ്പൻ സമജിനെ തൊണ്ടിയോടെ പിടികൂടിയത്. ഒന്നര മാസത്തിനിടെ നാലാം തവണയാണ് അരീക്കോട് പൊലീസ് കഞ്ചാവ് വിതരണവും കടത്തും പിടികൂടുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ കഞ്ചാവ് കടത്തിയതിന് പിടികൂടിയതും ഇവിടെത്തന്നെയാണ്. പെൺകുട്ടിയുടെ പിതാവ് തന്നെയാണ് മകളെ കഞ്ചാവ് കടത്തിന് ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് ഉപയോഗത്തിനിടെ ഹൈസ്കൂൾ വിദ്യാർഥികളും കോഴിക്കോട് ജില്ലയിൽനിന്ന് ഇവിടെ കഞ്ചാവ് വാങ്ങാനെത്തിയ കോളജ് വിദ്യാർഥികളും പൊലീസ് പിടിയിലായിരുന്നു. അരീക്കോട് ബസ്സ്റ്റാൻഡ്, ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, വാഴക്കാട് റോഡ്, സ്കൂൾ പരിസരങ്ങൾ, സ്റ്റേഡിയം എന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നത്. കൗമാര പ്രായക്കാരാണ് പ്രധാനമായും മാഫിയയുടെ വലയിൽ വീഴുന്നത്. അരീക്കോട് പൊലീസ് കഞ്ചാവ് മാഫിയക്കെതിരെ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മാഫിയക്കെതിരെ ജനകീയ പ്രതിരോധമുണ്ടാവാത്തത് ഇവർക്ക് തുണയാവുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.