മുൻഗണന കാർഡിനായി സപ്ലൈ ഒാഫിസിൽ അപേക്ഷകളേറെ

മഞ്ചേരി: റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ അർഹരായവരിൽ നിന്ന് അപേക്ഷകൾ വാങ്ങാൻ സർക്കാർ നിർദേശമില്ലെങ്കിലും താലൂക്ക് സപ്ലൈ ഒാഫിസിൽ അപേക്ഷകരുടെ ഒഴുക്ക്. 23 വില്ലേജുകളുള്ള ഏറനാട് താലൂക്കിൽ മിക്ക പഞ്ചായത്തുകളിൽനിന്നും സ്ത്രീകളും വയോധികരും അവശരും വന്ന് അപേക്ഷ നൽകുന്നുണ്ട്. കിടപ്പാടമില്ലാത്തവരും വാടകവീട്ടിൽ കഴിയുന്നവരും നിത്യ രോഗികൾ വീട്ടിലുള്ളവരും സ്ത്രീകൾ കുടുംബനാഥകളായവരുമുൾപ്പെടെ താലൂക്ക് സപ്ലൈ ഒാഫിസിൽ കയറിയിറങ്ങുകയാണ്. അതേസമയം പുതിയ റേഷൻ കാർഡ് നൽകുന്നതിന് മുമ്പ് ഗുണഭോക്തൃ പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ സർക്കാർ സപ്ലൈ ഒാഫിസുകളിൽ നൽകിയ നിർദേശം അനർഹരുണ്ടെങ്കിൽ നീക്കം ചെയ്യാനാണ്. ഇതുപ്രകാരം ഏറനാട് താലൂക്കിൽ മാത്രം 800ഓളം കുടുംബങ്ങളെ കണ്ടെത്തി നീക്കം ചെയ്തു. പുതുതായി ഒരാളെ പോലും മുൻഗണനപട്ടിയിൽ ചേർത്തിട്ടില്ല. സർക്കാർ ഒാഫിസിൽ ലഭിക്കുന്ന അപേക്ഷകൾ വാങ്ങിവെക്കുക എന്ന സാമാന്യനിയമം മാത്രമേ ഇക്കാര്യത്തിൽ തങ്ങൾ നടപ്പാക്കുന്നുള്ളൂ എന്നും അപേക്ഷകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇതുവരെ സർക്കാർ നിർദേശമില്ലെന്നും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ റേഷൻ കാർഡ് വിതരണം കഴിയുന്നതോടെ പഞ്ചായത്തുകളിൽനിന്ന് പരാതികളുമായി നിരവധി കാർഡുടമകളാണ് എത്തുന്നത്. പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയില്ലാത്തവരും അപേക്ഷയുമായെത്തുന്നുണ്ട്. താലൂക്ക് സപ്ലൈ ഒാഫിസിനു മുമ്പിൽ പ്രത്യേക ഫോറത്തിൽ കാരണങ്ങൾ വ്യക്തമാക്കി അപേക്ഷ തയാറാക്കി നൽകാനും ആളുകളുണ്ട്. പ്രത്യേക ആനുകൂല്യങ്ങളില്ലാത്ത വെളുത്ത റേഷൻ കാർഡുമായി ദരിദ്രരും അവശരും ഒറ്റക്ക് താമസിക്കുന്ന നിരാലംബരായ വയോധികരും എത്തുന്നുണ്ട്. സാങ്കേതികമായി തിരുത്തൽ വരുത്തേണ്ട അപേക്ഷകളിൽ പോലും എന്ത് ചെയ്യണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടില്ല. സർക്കാർ ജീവനക്കാരെന്നും പെൻഷൻ വാങ്ങുന്നവരെന്നുമൊക്കെയാണ് ചില ദരിദ്ര കുടുംബങ്ങളുടെ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പഞ്ചായത്ത് തയാറാക്കിയ ബി.പി.എൽ പട്ടികയിൽ വന്നവരുടെ പഴ‍യ കാർഡുകളിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരിലേറെയും ഇത്തരം കാർഡുള്ളവരാണ്. അടിസ്ഥാന വിവരങ്ങൾ തെറ്റിയത് തിരുത്താനും വഴിയില്ല മഞ്ചേരി: റേഷൻ ആനുകൂല്യത്തിന് പരിഗണിക്കപ്പെടാൻ അപേക്ഷയുമായി എത്തുന്നവരുടെ പട്ടികയിൽ സോഫ്റ്റ്വെയറിലെ അപാകത കാരണം തെറ്റുകൾ വന്നവർ ഏറെ. ഇവരുടെ അപേക്ഷ പോലും തീർപ്പാക്കാനാവാതെ ഉദ്യോഗസ്ഥർ കൈമലർത്തുന്നു. പുതിയ റേഷൻ കാർഡ് വിതരണത്തിൽ ഉൾപ്പെടാതെ പോയവർക്കായി വീണ്ടും കാർഡുകൾ അടിക്കുമ്പോൾ ഇത്തരക്കാർക്ക് തിരുത്തി നൽകാനാണ് സർക്കാർ ആലോചന. മന്ത്രിയുടെ സാന്നിധ്യത്തിൽ തൃശൂരിൽ താലൂക്ക് സപ്ലൈ ഒാഫിസർമാരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിൽ ഇക്കാര്യങ്ങൾ സർക്കാറി‍​െൻറ ശ്രദ്ധയിൽ വന്നിട്ടുണ്ട്. സോഫ്റ്റ്വെയറിൽ മാറ്റം വരുത്തി പരിഹാരമുണ്ടാക്കാനാണ് ആലോചന. പേര്, വരുമാനം, സ്ഥലപ്പേര്, സർക്കാർ ജോലി ഇല്ലാതെ തന്നെ ഉണ്ടെന്ന് രേഖപ്പെടുത്തൽ തുടങ്ങിയവയാണ് സാങ്കേതിക പിഴവുകളിലേറെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.