പട്ടർനടക്കാവ് അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

തിരുനാവായ: പഞ്ചായത്തിലെ പ്രമുഖ വ്യാപാര കേന്ദ്രവും നാൽക്കവലയുമായ പട്ടർനടക്കാവ് അങ്ങാടിയിലെ ഗതാഗതക്കുരുക്ക് രൂക്ഷം. തിരൂർ, പുത്തനത്താണി, കഞ്ഞിപ്പുര, തിരുനാവായ റോഡുകൾ ഒന്നിക്കുന്ന ഇവിടെ വിവിധ കോളജുകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന നൂറുകണക്കായ വിദ്യാർഥികളും ബസ് കയറുന്ന സ്ഥലമാണ്. അടിയന്തരാവശ്യങ്ങൾക്കായി കടന്നുപോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ട് വലയുകയാണ്. അങ്ങാടിയിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ചെറുവാഹനങ്ങൾ കടകൾക്കു മുന്നിലും അലക്ഷ്യമായി നിർത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിന് മുഖ്യ കാരണമെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു. ഇതിന് പരിഹാരമായി മിനി സ്‌റ്റേഡിയത്തോടു ചേർന്ന പുറമ്പോക്ക് സ്ഥലത്ത് പാർക്കിങ് സൗകര്യമൊരുക്കിയാൽ അങ്ങാടിയിൽ സ്ഥിരമായി പാർക്കു ചെയ്യുന്ന വാഹനങ്ങൾ മാറ്റാനാവുമെന്ന് വ്യാപാരികൾ പറയുന്നു. പുത്തനത്താണി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം അൽപം മുൻവശത്തേക്ക് മാറ്റി സ്ഥാപിച്ചാലും ഗതാഗതക്കുരുക്ക് കുറക്കാം. വൈരങ്കോട് റോഡിൽനിന്ന് അണ്ണാരക്കൊട്ടൻകുന്ന് വഴി കമാനം റോഡ് ഭാഗത്തേക്കും വലിയ പറപ്പൂർ പീടിയേക്കൽ പാത വഴി ആതവനാട് റോഡിലേക്കും വൈരങ്കോട് റോഡിൽനിന്ന് വിദ്മത്ത് കോളജ് റോഡ് വഴി തിരുനാവായ റോഡിലെ മേലങ്ങാടിയിലേക്കും ബൈപാസുകൾ ഒരുക്കിയാൽ അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നും നാട്ടുകാർ പറയുന്നു. ബൈപാസിന് നിർദേശിക്കുന്ന മൂന്നു ഭാഗത്തുകൂടിയും ഇപ്പോൾ ചെറുകിട വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമുള്ളതിനാൽ കുറഞ്ഞ ചെലവിൽ പാതകൾ നവീകരിക്കാനാവുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അങ്ങാടിയിൽ സ്ഥിരമായി ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.