വണ്ടൂരിൽ കംഫർട്ട്​ സ്​റ്റേഷനുകൾ അടച്ചു; യാത്രക്കാർ വലയുന്നു

വണ്ടൂർ: രണ്ട് ബസ്സ്റ്റാൻഡുകളിലെയും കംഫര്‍ട്ട് സ്റ്റേഷനുകൾ അടച്ചുപൂട്ടിയതോടെ ദീര്‍ഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവര്‍ ദുരിതത്തില്‍. വണ്ടൂരിലെ കംഫര്‍ട്ട് സ്റ്റേഷനുകൾ എന്ന് തുറക്കുമെന്നോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്നോ സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് ഒരു ധാരണയുമില്ല. കംഫര്‍ട്ട് സ്റ്റേഷനുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ഉപകാരപ്രദമാക്കുന്നതില്‍ പരാജയപ്പെട്ട അധികൃതരുടെ നടപടിക്കെതിരെ ജനരോഷം പുകയുകയാണ്. വണ്ടൂര്‍ മണലിമ്മല്‍ സ്റ്റാൻഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ മതി അധികൃതരുടെ അനാസ്ഥയുടെ ആഴമളക്കാന്‍. പഞ്ചായത്തിന് തൊട്ടുമുന്നില്‍ ഇത് കാഴ്ചവസ്തുവായി മാറിയിട്ട് മാസങ്ങള്‍ പിന്നിട്ടു. പത്ത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം മാസങ്ങള്‍ക്കകം അടച്ചുപൂട്ടി. സാമൂഹിക വിരുദ്ധര്‍ പൈപ്പിന് തീയിട്ടതാണെന്ന പതിവ് മറുപടികള്‍ക്കപ്പുറം ഇത് നന്നാക്കാനോ എന്ന് തുറക്കുമെന്നത് സംബന്ധിച്ചോ ഒരു ധാരണയും ആര്‍ക്കുമില്ല. ഊട്ടി-തൃശൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പ്രാധാന്യമേറിയ ഇടത്താവളമെന്ന നിലയില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേനെ വണ്ടൂരിലെത്തുന്നത്. എന്നാല്‍, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണെമങ്കില്‍ പള്ളികളെയോ ഹോട്ടലുകളെയോ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. മൂത്രമൊഴിക്കാൻ സൗകര്യമുള്ള ഹോട്ടലുകൾ കൂടി പ്രദേശത്ത് ഇല്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് കടുത്ത ദുരിതത്തിലായത്. അങ്ങാടിപ്പൊയില്‍ സ്റ്റാൻഡിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയിട്ടും അടച്ചുപൂട്ടാതെ പരമാവധി നാറ്റിച്ച് മുന്നോട്ട് കൊണ്ടുപോയ അധികൃതര്‍ തന്നെയാണ് കണ്‍മുന്നിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാന്‍ നടപടി സ്വീകരിക്കാത്തത്. ജില്ല ജഡ്ജി ഇടപെട്ടാണ് അങ്ങാടിപ്പൊയില്‍ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയത്. ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കാന്‍ പത്ത് ലക്ഷം അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പുതുതായി നിര്‍മിക്കുന്നതോടൊപ്പം നിലവിലുള്ളവയുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അധികൃതർ സമയം കണ്ടെത്തണെമന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.