പെരുമാട്ടിയിൽ സംഘർഷം തുടരുന്നു; ജെ.ഡി.എസ് ഓഫിസിന്​ തീവെച്ചു

ചിറ്റൂർ: സി.പി.എം-ജനതാദൾ (എസ്) സംഘർഷം നിലനിൽക്കുന്ന പെരുമാട്ടിയിൽ ജനതാദൾ (എസ്) ഓഫിസിന് തീവെക്കുകയും ചായക്കട ദുരൂഹസാഹചര്യത്തിൽ കത്തിനശിക്കുകയും ചെയ്തു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് നന്ദിയോട് വേപ്പിന്‍ചുവടിലെ ചായക്കട അഗ്നിക്കിരയായത്. ബുധനാഴ്ച പുലർച്ച രണ്ടോടെ ഒരുകിലോമീറ്റർ അകലെയുള്ള ഏന്തൽപ്പാലത്തെ ജനതാദൾ (എസ്) ഓഫിസി​െൻറ വാതിലും കത്തിനശിച്ചു. കഴിഞ്ഞ ദിവസത്തെ അക്രമണ സംഭവവുമായി ബന്ധപ്പെട്ട് മേഖലയിൽ ക്യാമ്പ് ചെയ്തിരുന്ന പൊലീസ് രണ്ട് സ്ഥലങ്ങളിലും വൈകിയാണ് എത്തിയതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. പട്ടഞ്ചേരി മേലേമുട്ടിച്ചിറ സ്വദേശി മണികണ്ഠ​െൻറ ഉടമസ്ഥതയിലുള്ള ഓലമേഞ്ഞ ചായക്കടയാണ് കത്തിനശിച്ചത്. തീപടര്‍ന്നതോടെ കടക്കകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പ്രദേശത്ത് ജനവാസം കുറവായതിനാലും മറ്റ് സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി. തീപടരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെയും അഗ്്നിശമനസേനയെയും അറിയിച്ചത്. കടക്കകത്ത് സിലിണ്ടര്‍ ഉണ്ടായിരുന്നതിനാല്‍ മീനാക്ഷി-പുരം-തത്തമംഗലം പാതയിൽ ഗതാഗതം തടഞ്ഞിരുന്നു. താന്‍ ഒരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകനല്ലെന്നും ആരുമായും പ്രശ്‌നങ്ങളില്ലെന്നും മണികണ്ഠൻ പറഞ്ഞു. പാത്രങ്ങള്‍, പ്ലാസ്റ്റിക്ക് ടേബിളുകള്‍, കസേരകള്‍ തുടങ്ങിയവ നശിച്ചെന്നും ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഇദ്ദേഹം മീനാക്ഷിപുരം പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. അനുരഞ്ജന ശ്രമം പാളി; പെരുമാട്ടി സംഘർഷഭരിതം ചിറ്റൂർ: അനുരഞ്ജന ശ്രമം പാളിയതോടെ പെരുമാട്ടിയിൽ സംഘർഷം തുടരുന്നു. ഞായറാഴ്ച ആരംഭിച്ച അക്രമ സംഭവങ്ങളെത്തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ കാറ്റിൽ പറത്തിയാണ് അക്രമം തുടരുന്നത്. ഞായറാഴ്ച വൈകീട്ട് മുതൽ പെരുമാട്ടിയും സമീപ പ്രദേശങ്ങളും സംഘർഷഭരിതമാണ്. മദ്യപിച്ച് ബഹളംവെച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട്‌, ജനതാദൾ ബ്ലോക്ക് പഞ്ചായത്ത് അംഗത്തി​െൻറ ഭർത്താവി‍​െൻറ ബൈക്ക് കത്തിക്കുകയും പ്രതികാരമായി സി.പി.എം പ്രവർത്തക‍​െൻറ വീടാക്രമിച്ച് കാർ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച രണ്ട് കേസുൾപ്പെടെ മൂന്ന് കേസുകളാണ് മീനാക്ഷിപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച എ.എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടന്നത്. നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നൽകിയപ്പോൾ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും അണികളെ നിയന്ത്രിക്കാമെന്നും രാഷ്ട്രീയ പാർട്ടികളും ചർച്ചയിൽ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.