ആരാരുമില്ലാത്ത വള്ളിയമ്മക്ക് കിട്ടിയത് സമ്പന്നരുടെ വെളുത്ത കാർഡ്

മഞ്ചേരി: ആരാരും സംരക്ഷണത്തിനില്ലാതെ അഗതിമന്ദിരത്തിൽ അഭയം തേടാനിരിക്കുന്ന എൺപതുകാരിയും രോഗിയുമായ വയോധികക്ക് സർക്കാർ നൽകിയത് സമ്പന്നർക്ക് നൽകുന്ന വെളുത്ത റേഷൻകാർഡ്. ഏറനാട് താലൂക്കിൽ പന്തല്ലൂർ മില്ലുംപടിക്കലിലെ ചെണോമൽ വള്ളിയമ്മയാണ് പുതിയ റേഷൻ കാർഡ് എന്തുചെയ്യണമെന്നറിയാതെ അന്താളിച്ചു നിൽക്കുന്നത്. രണ്ടര സ​െൻറിൽ മൺകട്ട കൊണ്ട് നിർമിച്ച ചെറിയ ഷെഡിലാണ് വള്ളിയമ്മയുടെ താമസം. ഭർത്താവോ മക്കളോ ഇല്ലാത്തതിനാൽ പരിസരവാസികളും നാട്ടുകാരുമാണ് ഇവരുടെ ആശ്രയം. നേരത്തേയുണ്ടായിരുന്ന റേഷൻകാർഡിൽ ഇവർ ബി.പി.എൽ ഗുണഭോക്താവായിരുന്നു. പഞ്ചായത്ത് തയാറാക്കിയ ആശ്രയ പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ട അതിദരിദ്ര വിഭാഗത്തിലും ഉൾപ്പെട്ടിട്ടുണ്ട്. പുതിയ റേഷൻകാർഡ് വെള്ളക്കാർഡാണെന്ന് വിതരണ സമയത്താണ് അറിയുന്നത്. അസുഖമായതിനാൽ കാർഡ് അന്ന് കൈപ്പറ്റിയില്ല. ബുധനാഴ്ച കാർഡ് ൈകയിൽ കിട്ടിയപ്പോൾ ആകെ ലഭിച്ചിരുന്ന അരിയും കിട്ടാതാവുമോയെന്ന് ആശങ്കയിലായി വള്ളിയമ്മ. കുടുംബശ്രീ പ്രവർത്തകരോടൊപ്പം താലൂക്ക് സപ്ലൈ ഒാഫിസറെയും ജില്ല കലക്ടറെയും കാണാനിരിക്കുകയാണിവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.