പെരുമൺ ദുരന്തം: കാരണം ടൊർണാഡോയ​െല്ലന്ന്​ മുൻ റെയിൽവേ ഉദ്യോഗസ്ഥൻ

പെരുമൺ ദുരന്തം: കാരണം ടൊർണാഡോയെല്ലന്ന് മുൻ റെയിൽവേ ഉദ്യോഗസ്ഥൻ പറവൂർ: 30 വർഷം മുമ്പുണ്ടായ പെരുമൺ ട്രെയിൻ ദുരന്തത്തിന് കാരണം ടൊർണാഡോയല്ല മറിച്ച്, ജീവനക്കാരുടെ അനാസ്ഥയാെണന്ന വെളിപ്പെടുത്തലുമായി റെയിൽവേ റിട്ട. സേഫ്റ്റി ഉദ്യോഗസ്ഥൻ കെ.വി സുധാകരൻ. ദുരന്തത്തിൽ 108 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉച്ചക്ക് ഒന്നോടെ കൊല്ലത്തെ അഷ്ടമുടിക്കായലിന് കുറുകെയുള്ള റെയിൽ പാലത്തിൽനിന്ന് തിരുവനന്തപുരം–ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിൻ കായലിൽ പതിച്ചായിരുന്നു ദുരന്തം. റെയിൽേവ സേഫ്റ്റി കമീഷണറായ സൂര്യനാരായണൻ നടത്തിയ അന്വേഷണത്തിൽ അപകടകാരണം ചുഴലിക്കാറ്റാണെന്നാണ് കണ്ടെത്തിയത്. അപകടസമയത്ത് ശക്തമായ കാറ്റോ മറ്റുപ്രകൃതിമാറ്റങ്ങളോ ഒന്നുംതന്നെ ഇല്ലായിരുന്നു. അപകടകാരണം ടൊർണാഡോയാണെന്ന കണ്ടെത്തലിൽ നാട്ടുകാരും അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് അന്ന് റെയിൽവേ സേഫ്റ്റി ഉദ്യോഗസ്ഥനായിരുന്ന സുധാകരൻ അപകടം സംബന്ധിച്ച് പഠനം നടത്താൻ തീരുമാനിച്ചത്. പാളത്തെ ഉറപ്പിച്ചുനിർത്തുന്ന ഫിഷ്പ്ലേറ്റ് ഇളകിയിരുന്നതാണ് അപകടകാരണമായി സുധാകരൻ കണ്ടെത്തിയത്. സുധാകര​െൻറ കണ്ടെത്തൽ ഇങ്ങനെ: തിരുവനന്തപുരം–ബാംഗ്ലൂർ എക്സ്പ്രസ് വൈകി ഓടിയതിനാൽ ട്രെയിൻ കടന്നുപോയി എന്ന ധാരണയിൽ ഇളകിയ ഫിഷ്പ്ലേറ്റ് മുറുക്കാതെ ജീവനക്കാർ ഊണ് കഴിക്കാൻ പോയി. വൈകി ഓടിയ ട്രെയിൻ സമയം ക്രമീകരിക്കാൻ വേഗം കൂട്ടിയിരുന്നു. സാധാരണ 80 കി.മീ. വേഗത്തിൽ മാത്രം ഓടാവുന്ന പാലത്തിൽകൂടി 87 കി.മീ. വേഗത്തിലാണ് ട്രെയിൻ ഓടിയതെന്ന് രേഖകൾ ഉദ്ധരിച്ച് സുധാകരൻ പറയുന്നു. 30 വർഷം കഴിഞ്ഞെങ്കിലും റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ത​െൻറ കണ്ടെത്തലി​െൻറ കോപ്പി നൽകാൻ കാത്തിരിക്കുകയാണ് ചിറ്റാറ്റുകര പട്ടണത്ത് വിശ്രമജീവിതം നയിക്കുന്ന സുധാകരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.