ഗ്രാമ സഭയിൽ പങ്കെടുക്കൂ.. സമ്മാനം നേടൂ..

വേങ്ങര: ഗ്രാമ സഭയിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കിട്ട് പത്തു പേർക്ക് സമ്മാനം. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ചേറൂരിലാണ് കൗതുകകരമായ പരിപാടികളിലൂടെ ഗ്രാമസഭ സജീവമാകുന്നത്. പൊതുവേ പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും പേരെഴുതിയ നറുക്കുകളിൽ നിന്ന് സമ്മാനാർഹരായ പത്തു പേരെ കണ്ടെത്തിയാണ് ഓരോ യോഗാവസാനത്തിലും സമ്മാനം നൽകുന്നത്. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സമ്മാന പദ്ധതികൾ ഏർപ്പെടുത്തിയിട്ടുണ്ട് വാർഡ്അംഗം സക്കീന പറഞ്ഞു. ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്ന വീട്ടുകാർക്ക് ആണ് സമ്മാനം ലഭിക്കുക. കൃഷിഭവൻ നൽകിയ പച്ചക്കറി വിത്തുകൾ ഗ്രാമസഭയിൽ വിതരണം ചെയ്തു. വാർഡ് തല പ്രവർത്തനങ്ങളുടെ കൺവീനർമാരായ ഫൈസൽ, വാസു, സത്താർ എന്നിവരുടെ ക്രിയാത്മക ഇടപെടലുകളും, ഗ്രാമ സഭ അംഗങ്ങളുടെ സജീവ പിന്തുണയും സഹകരണവുമാണ് വാർഡ് പ്രവർത്തനങ്ങളിൽ പുതുമയാർന്ന പരിപാടികൾ ആവിഷ്കരിക്കാൻ സഹായകമാവുന്നതെന്ന് സക്കീന പറയുന്നു. കഴിഞ്ഞ ഗ്രാമസഭയിൽ പങ്കെടുത്തവരിൽ സമ്മാനാർഹരായവർക്കുള്ള സമ്മാനം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി വിതരണം ചെയ്തു. യു. സക്കീന അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.