കാക്കിയുടെ കൈത്താങ്ങിൽ കല്യാണി ഊരണഞ്ഞു

കരുവാരകുണ്ട്: സഹായിക്കാനാരുമില്ലാത്ത, രോഗിയായ ആദിവാസി വൃദ്ധക്ക് കാരുണ്യവും കൈത്താങ്ങുമൊരുക്കി പൊലീസ്. പറയൻമാട് ആദിവാസി കോളനിയിലെ കല്യാണിയെന്ന എൺപതുകാരിയാണ് കാക്കിയിട്ടവരുടെ നന്മമനസ്സിൽ മലകയറി വീടണഞ്ഞത്. കടുത്ത പനിയും മൂത്രതടസ്സവും ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കല്യാണി. രോഗം ഭേദമായതിനെ തുടർന്ന് കഴിഞ്ഞദിവസം ആംബുലൻസിൽ ഇവരെ കൊണ്ടുവന്നെങ്കിലും പറയൻമാട്ടിലെ വീട്ടിലെത്തിക്കാനായില്ല. കാൽനടക്ക് പോലും പറ്റാത്തവിധം ദുർഘടമായ റോഡിലൂടെ ആംബുലൻസിന് പോകാനായില്ല. ഇതേതുടർന്ന് ഇവരെ വീട്ടിക്കുന്നിലെ പഴയ കർഷക വേദി കെട്ടിടത്തിലാക്കുകയായിരുന്നു. മൂത്രം പോകാൻ ട്യൂബിട്ട് ദയനീയാവസ്ഥയിലായ കല്യാണിയെ പരിചരിക്കാനോ മലകയറ്റി പറയൻമാട്ടിലെത്തിക്കാനോ ആരും തയാറായില്ല. വിവരമറിഞ്ഞ കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാർ, ഗ്രേഡ് എസ്.ഐ ശ്രീനിവാസ​െൻറ നേതൃത്വത്തിൽ സംഘത്തെ അയച്ചു. എന്നാൽ, പൊലീസ് വാഹനത്തിനും മലകയറാനായില്ല. ഇതിനെ തുടർന്ന് സീനിയർ സി.പി.ഒ സജീവൻ, സി.പി.ഒ അജീഷ് എന്നിവർ കല്യാണിയെ കൈകളിലെടുത്ത് മലകയറുകയായിരുന്നു. എടത്തനാട്ടുകര ചൂരിയോട് കോളനിയിൽനിന്ന് മാസങ്ങൾക്ക് മുമ്പ് പറയൻമാട്ടിലെത്തിയ കല്യാണിക്ക് അടുത്ത ബന്ധുക്കളില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.