ബാലാവകാശ കമീഷൻ സർക്കാറിന് സമർപ്പിച്ച ശിപാർശകളിൽ നടപടിയായില്ല

-- നിലമ്പൂർ: ജില്ലയിലെ ഗോത്രവിഭാഗം കോളനികളിലെ ബാലാവകാശ ധ്വംസനം തടയാൻ പ്രത‍്യേക മാസ്റ്റർ പ്ലാൻ തയാറാക്കി നടപ്പാക്കണമെന്ന് ആവശ‍്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷൻ സർക്കാറിന് സമർപ്പിച്ച ശിപാർശ വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. 2014 ആഗസ്റ്റ് നാലിനാണ് കമീഷൻ ജില്ലയിലെ കോളനികൾ സന്ദർശിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാലാവകാശ ധ്വംസനം നടക്കുന്ന കോളനികളാണ് നിലമ്പൂർ മേഖലകളിലുള്ളതെന്നായിരുന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ആക്ടിങ് ചെയർമാൻ നസീർ ചാലിയത്തി‍​െൻറയും സംഘത്തി‍​െൻറയും കണ്ടെത്തൽ. കരുളായി പഞ്ചായത്തിലെ നെടുങ്കയം, മുണ്ടക്കടവ് കോളനികളാണ് കമീഷൻ സന്ദർശിച്ചത്. സാമൂഹികനീതി വകുപ്പി‍​െൻറ സഹായത്തോടെ 15 പ്രധാന നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് കമീഷൻ സർക്കാറിന് നൽകിയത്. നിർദേശം നടപ്പിൽ വരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സബ് കലക്ടറുടെ നേതൃത്വത്തിൽ സ്ഥിരം നിരീക്ഷണ സംവിധാനം ഒരു മാസത്തിനകം രൂപവത്കരിക്കണമെന്നും ശിപാർശയിലുണ്ടായിരുന്നു. സബ് കലക്ടറുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനം രൂപവത്കരിച്ചുവെന്നല്ലാതെ മറ്റു പ്രധാന നടപടികളൊന്നും യാഥാർഥ്യമായില്ല. ആദിവാസി കുട്ടികൾക്ക് നിത‍്യവും സ്കൂളിലെത്താൻ വാഹന സൗകര‍്യം ഒരുക്കണം. സ്കൂളുകളിൽനിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സ്ഥിരംസമിതി രൂപവത്കരിക്കണം. സ്കൂളുകളിൽ തുടർച്ചയായി ആരോഗ‍്യ പരിശോധന ക‍്യാമ്പുകൾ സംഘടിപ്പിച്ച് ആവശ‍്യമായ ചികിത്സ ഒരുക്കണം. ആദിവാസി മേഖലകളിലെ പൊതുവിതരണ സമ്പ്രദായം കുറ്റമറ്റതാക്കാനുള്ള നടപടി വേണം. മുണ്ടക്കയം, നെടുങ്കയം കോളനി വാസികൾക്ക് സൗകര‍്യപ്രദമായ സ്ഥലത്ത് റേഷൻ കട സ്ഥാപിക്കണം. കരുളായി ആരോഗ‍്യകേന്ദ്രത്തിന് ഉപകേന്ദ്രം സ്ഥാപിക്കണം. എല്ലാ ആദിവാസി കോളനികളിലും ശുദ്ധജലം ഉറപ്പാക്കണം എന്നിവയായിരുന്നു നിർദേശങ്ങൾ. ഇവയൊന്നും നടപ്പായില്ല. 45 ദിവസത്തിനുള്ളിൽ നിർദേശങ്ങളുടെ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണമെന്നായിരുന്നു കമീഷ‍ൻ ആവശ്യപ്പെട്ടിരുന്നത്. ഐ.ടി.ഡി.പി, ആരോഗ‍്യ, പൊതുവിദ‍്യാഭ‍്യാസ, വനം വകുപ്പുകളും ജില്ല കലക്ടറും ചേർന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ശിപാർശയിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.