പുതിയ കൊല്ലം എത്താറായി സാറേ, വാര്‍ഷിക പദ്ധതി ഫയലിലാണോ

മലപ്പുറം: ആഗസ്റ്റ് മാസം കഴിഞ്ഞിട്ടും മലപ്പുറം നഗരസഭയുടെ 2016-17ലെ വാര്‍ഷിക പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കാനായില്ല. അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതികളാണിവ. ബുധനാഴ്ച നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പദ്ധതി അംഗീകാരത്തിനെടുക്കുമെന്നാണ് നേരത്തേ നഗരസഭാ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സാങ്കേതികത്തകരാര്‍ കാരണം ഇതുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ളെന്നാണ് പുതിയ വിശദീകരണം. 10.71 കോടി രൂപയുടെ പദ്ധതികളാണ് നടപ്പ് സാമ്പത്തിക വര്‍ഷം നഗരസഭ നടപ്പാക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് നാലുതവണ സര്‍ക്കാര്‍ ഉത്തരവ് വന്നു. ആകെ ഫണ്ടില്‍ കൃഷിക്ക് 20ഉം മാലിന്യസംസ്കരണത്തിന് 10ഉം ശതമാനം നീക്കിവെക്കണമെന്ന നിര്‍ദേശത്തത്തെുടര്‍ന്ന് പദ്ധതിയില്‍ ഭേദഗതി വരുത്തി. ഇത് പ്രകാരം കൃഷി/ഉല്‍പാദന മേഖലയിലും മാലിന്യസംസ്കരണത്തിനും കൂടുതല്‍ തുക അനുവദിക്കുകയും മറ്റു മേഖലകള്‍ക്ക് വകയിരുത്തിയ ഫണ്ടില്‍ ചെറിയ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് നവീകരണം, കുന്നുമ്മല്‍ ടൗണ്‍ഹാള്‍ അറ്റകുറ്റപ്പണി, കോട്ടപ്പടി മാര്‍ക്കറ്റ് നവീകരണം, മേല്‍മുറിയില്‍ കളിസ്ഥലം നിര്‍മിക്കല്‍, താലൂക്ക് ആശുപത്രി നവീകരണം മുതലായവ വാര്‍ഷിക പദ്ധതിയിലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പദ്ധതി അംഗീകാരം നേടുന്ന കാര്യത്തില്‍ മലപ്പുറം നഗരസഭ മുന്നിലായിരുന്നു. ഇനിയും വൈകിയാല്‍ ഫണ്ട് ലാപ്സാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.