ഡി.സി.സി: വി.വി. പ്രകാശ് അധ്യക്ഷനാകാന്‍ സാധ്യത

മലപ്പുറം: ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് വി.വി. പ്രകാശിന് സാധ്യത. കെ.പി.സി.സി നല്‍കിയ പട്ടിക എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസനികും സെക്രട്ടറി ദീപക് ബബറിയയും പരിശോധിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ചു. ഉടനെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. മലപ്പുറത്തുനിന്ന് വി.എ. കരീമിന്‍െറ പേരും പട്ടികയിലുണ്ട്. കെ.പി.സി.സി വിവിധ വശങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പട്ടിക എ.ഐ.സി.സിക്ക് കൈമാറിയത്. മലപ്പുറത്ത് വി.വി. പ്രകാശ് പ്രസിഡന്‍റാകണമെന്ന അഭിപ്രായത്തിനാണ് കെ.പി.സി.സിയില്‍ മുന്‍തൂക്കം ലഭിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങളടക്കം കെ.പി.സി.സിയുടെ പരിഗണനക്ക് വന്നെങ്കിലും ഇതിനപ്പുറം സംഘടന ശക്തിപ്പെടുത്താനുതകുന്ന നേതൃത്വം വേണമെന്ന അഭിപ്രായമാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സ്വീകരിച്ചത്. മലപ്പുറം കോണ്‍ഗ്രസ് ആര്യാടന്‍ മുഹമ്മദിന്‍െറ പിടിയിലായിട്ട് വര്‍ഷങ്ങളായി. തന്‍െറ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് സംഘടനയില്‍ പിടിമുറുക്കുന്ന ആര്യാടന്‍െറ നയത്തിനെതിരെ പാര്‍ട്ടിക്കകത്ത് വികാരം പുകയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒരു ഘട്ടത്തില്‍ വി.എ. കരീമിനായി ചരടുവലികള്‍ നടത്തിയ സമയത്തുതന്നെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി അധ്യക്ഷനാക്കാനുള്ള നീക്കവും ആര്യാടന്‍ നടത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഷൗക്കത്തിനെ കെ.പി.സി.സി എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താനുള്ള തന്ത്രമാണ് ആര്യാടന്‍െറ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. അടുത്ത തവണ മകന് നിയമസഭയില്‍ സീറ്റ് ഉറപ്പിക്കുകയാണത്രെ ചരടുവലിയുടെ ലക്ഷ്യം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മകന് വേണ്ടിയുള്ള ആര്യാടന്‍െറ പോരാട്ടത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടയാളാണ് വി.വി. പ്രകാശ്. ടി. സിദ്ദീഖ് ഉള്‍പ്പെടെയുള്ള ജൂനിയര്‍ നേതാക്കള്‍ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമ്പോള്‍ കെ.പി.സി.സി സെക്രട്ടറിമാരില്‍ സീനിയറായ പ്രകാശിനെ ഇനിയും തഴയുന്നത് ശരിയല്ളെന്ന നിലപാടാണ് കെ.പി.സി.സിക്കുള്ളത്. മലപ്പുറം ജില്ലയില്‍ പാര്‍ട്ടിക്ക് അടിക്കടിയുണ്ടാകുന്ന തിരിച്ചടികളും പ്രവര്‍ത്തന മുരടിപ്പും ഇല്ലാതാക്കി സംഘടനയെ ചലിപ്പിക്കാനുതകുന്ന നേതൃത്വമുണ്ടാകണമെന്ന വി.എം. സുധീരന്‍െറ നിലപാടും പ്രകാശിന് അനുകൂലമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.