നാട്ടുമരുന്നുകളുടെ ഗവേഷകന്‍ ഇനി ഓര്‍മ

തിരുനാവായ: അരനൂറ്റാണ്ടിലേറെക്കാലം സാമൂഹിക, സാംസ്കാരിക, ആയുര്‍വേദ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന എടക്കുളം കുന്നമ്പുറത്തെ ചങ്ങമ്പള്ളി ഡോ. സി.കെ. കുഞ്ഞാലന്‍ എന്ന കുഞ്ഞാപ്പു ഗുരുക്കള്‍ ഇനി ഓര്‍മ. പാരമ്പര്യമായി ലഭിച്ചതും പഠിച്ചതും ഗുരുമുഖത്തുനിന്ന് ലഭിച്ചതുമായ അറിവുകളുടെ വെളിച്ചത്തില്‍ ഓരോ രോഗത്തിനുമാവശ്യമായ നാട്ടുമരുന്നുകള്‍ തേടിപ്പിടിച്ച് തന്‍െറ ഒൗഷധോദ്യാനത്തില്‍ വളര്‍ത്തുകയും റിസര്‍ച് സെന്‍ററില്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തിരുന്നയാളാണ് കുഞ്ഞാപ്പു ഗുരുക്കള്‍. പിതാവ് മമ്മുണ്ണി ഗുരുക്കളില്‍ നിന്നും സ്വായത്തമാക്കിയ പാരമ്പര്യ ചികിത്സയോടെയാണ് ഈ രംഗത്തേക്ക് വന്നത്. പിന്നീട് വടകര മഷ്ഹൂര്‍ മുല്ലക്കോയ തങ്ങളുടെ ഉപദേശ നിര്‍ദേശങ്ങളോടും അനുഗ്രഹത്തോടും കൂടിയാണ് എടക്കുളത്ത് വീടിനോട് ചേര്‍ന്ന് ചങ്ങമ്പള്ളി വൈദ്യഭവനും റിസര്‍ച് സെന്‍ററും സ്ഥാപിച്ച് ചികിത്സാ മേഖല വിപുലീകരിച്ചത്. ഇതോടൊപ്പം ചാവക്കാട്ടും കോഴിക്കോട്ടും സെന്‍ററുകള്‍ തുറന്ന് രോഗികളെ ചികിത്സിക്കാനും സമയം കണ്ടത്തെി. ഓരോ സെന്‍ററിലും സംസ്ഥാനത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നായി ദിനംപ്രതി നിരവധി പേരാണ് സാന്ത്വനം തേടിയത്തെിയിരുന്നത്. കുഞ്ഞാപ്പു ഗുരുക്കളുടെ പാരമ്പര്യം നിലനിര്‍ത്താനായി മകള്‍ ഡോ. ഫിര്‍ദൗസ് ഇഖ്ബാലും മകന്‍ ഡോ. ജിബു ഗുരുക്കളും സേവന രംഗത്തുണ്ട്. ചികിത്സക്കത്തെുന്നവരുടെ നാഡി പരിശോധിച്ച് ചികിത്സ വിധിക്കുന്നതും സാധാരണക്കാരെയും പാവങ്ങളെയും പ്രത്യേകം പരിഗണന നല്‍കി ചികിത്സിക്കുന്നതും ഗുരുക്കളുടെ പ്രത്യേകതയായിരുന്നു. തിരുനാവായ മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണത്തിനായി ഏറെ യത്നിച്ചിരുന്ന ഗുരുക്കള്‍ മാമാങ്കോത്സവങ്ങളിലും നാട്ടിലെ സാംസ്കാരിക ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു. സംസ്ഥാനത്തിനകത്തും വിദേശത്തുമായി വലിയ സുഹൃദ് വലയമുള്ള ഗുരുക്കളുടെ വിയോഗമറിഞ്ഞ് ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും ആതുര സേവകരുമടക്കം ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയത്തെിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച രാവിലെ മൃതദേഹം എടക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വീടിന്‍െറ പടിപ്പുരയോട് ചേര്‍ന്ന് മയ്യിത്ത് സംസ്കരിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഖബര്‍ ഒരുക്കിയിരുന്നെങ്കിലും രോഗശയ്യയില്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.