ഓണം കിറുങ്ങാതിരിക്കാന്‍...

മലപ്പുറം: ഓണം പ്രമാണിച്ച് മദ്യമടക്കമുള്ള ലഹരി ഉല്‍പന്നങ്ങളുടെ കടത്ത് തടയുന്നതിന് എക്സൈസിന്‍െറ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍. ജില്ലാ ഡിവിഷനല്‍ ഓഫിസിന് കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന് പുറമെ ജില്ലയെ രണ്ട് മേഖലകളാക്കി തിരിച്ചുള്ള നിരന്തര പരിശോധനകളും നടക്കും. ഓരോ മേഖലയിലും ഇതിനായി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറും രണ്ട് വീതം പ്രിവന്‍റീവ് ഓഫിസര്‍മാരും നേതൃത്വം നല്‍കുന്ന ‘സ്ട്രൈക്കിങ് ഫോഴ്സുകള്‍’ പ്രവര്‍ത്തിക്കും. വാഹനമടക്കം ഈ സംഘം 24 മണിക്കൂറും പരിശോധന നടത്തും. എക്സൈസ്, പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി പ്രത്യേക പരിശോധനകളും സംഘടിപ്പിക്കും. സെപ്റ്റംബര്‍ അവസാന വാരം വരെ സംയുക്ത പരിശോധനയുണ്ടാകും. തിരൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നിവിടങ്ങളിലെ സര്‍ക്ക്ള്‍, റെയ്ഞ്ച് പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ പടിഞ്ഞാറന്‍ മേഖലയിലും മലപ്പുറം, സ്പെഷല്‍ സ്ക്വാഡ്, മഞ്ചേരി, കാളികാവ്, നിലമ്പൂര്‍ എന്നീ ഓഫിസുകള്‍ക്ക് കീഴിലെ പ്രദേശങ്ങള്‍ കിഴക്കന്‍ മേഖലയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഴിക്കടവ് ചെക്പോസ്റ്റില്‍ നിലവിലുള്ളതിന് പുറമെ പൊലീസിനെ കൂടി ഉള്‍പ്പെടുത്തി പരിശോധന വിപുലപ്പെടുത്തി. എന്‍ഫോഴ്സ്മെന്‍റും പൊലീസും സംയുക്തമായി പരപ്പനങ്ങാടി മുതല്‍ പൊന്നാനി വരെ കടലില്‍ നടത്തുന്ന പരിശോധന അടുത്തയാഴ്ച തുടങ്ങും. ഗോവ, മാഹി എന്നിവിടങ്ങളില്‍നിന്ന് കടല്‍വഴിയുള്ള വിദേശമദ്യക്കടത്ത് തടയാനാണിത്. ലഹരിവില്‍പ്പനയും കടത്തും ശ്രദ്ധയില്‍പ്പെടുന്ന പൊതുജനങ്ങള്‍ക്കും എക്സൈസിന് വിവരങ്ങള്‍ കൈമാറാം. 18004254886 എന്ന ടോള്‍ഫ്രീ നമ്പറിലും ഓഫിസിലെ മറ്റു നമ്പറുകളിലും വിവരങ്ങള്‍ കൈമാറാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.