എ.പി-ഇ.കെ തർക്കം; രണ്ടര വർഷത്തോളമായി അടച്ചിട്ട കക്കോവ് ജുമുഅത്ത് പള്ളി തുറന്നു

കാരാട്: എ.പി-ഇ.കെ തർക്കവും സംഘർഷവും പതിവായതിനെ തുടർന്ന് രണ്ടര വർഷത്തോളമായി അടച്ചിട്ടിരുന്ന കേക്കാവ് ജുമുഅത്ത് പള്ളി വ്യാഴാഴ്ച തുറന്നു. വഖഫ് ബോർഡ് തീരുമാനപ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ ഇ.കെ വിഭാഗം വിജയിക്കുകയും തുടർന്ന് വഖഫ് ബോർഡ് യോഗം പുതിയ കമ്മിറ്റിക്ക് അംഗീകാരം നൽകുകയും ചെയ്തതിനെ തുടർന്നാണ് വ്യാഴാഴ്ച പ്രഭാതനമസ്കാരത്തിന് പള്ളി തുറന്നത്. അധികാരത്തർക്കത്തെ തുടർന്ന് വെള്ളിയാഴ്ചനമസ്കാരം പോലും മുടങ്ങി ഇരുവിഭാഗവും തമ്മിൽ കൈയാങ്കളിയിലായതിനെ തുടർന്നാണ് രണ്ടര വർഷം മുമ്പ് പള്ളി അടച്ചുപൂട്ടിയത്. ഹൈകോടതി നിയമിച്ച റിസീവർമാർ മയ്യിത്ത് നമസ്കാരത്തിനു മാത്രം പള്ളി തുറന്നുനൽകുകയായിരുന്നു. വഖഫ് ബോർഡ് നിർദേശത്തെ തുടർന്ന് നവംബർ 10നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയത്. എ.പി വിഭാഗത്തിൽപെട്ട ചിലർ ബാലറ്റ് പേപ്പർ അടങ്ങിയ പെട്ടി തട്ടിയെടുത്ത് നശിപ്പിച്ചത് വിവാദമായിരുന്നു. ഡിസംബർ നാലിനു ചേർന്ന വഖഫ് ബോർഡ് യോഗമാണ് ഇ.കെ വിഭാഗത്തിലെ പി.വി. ഇബ്രാഹിം (പ്രസി), കെ.വി. അബ്ദുറഹ്മാൻ (സെക്ര), കെ.കെ. മൂസ മൗലവി (ട്രഷ) എന്നിവർ ഭാരവാഹികളായ ഭരണസമിതിക്ക് അംഗീകാരം നൽകിയത്. ബുധനാഴ്ച ഈ കമ്മിറ്റിക്ക് അധികാരം കൈമാറിയതിനെ തുടർന്നാണ് വ്യാഴാഴ്ച പ്രഭാതനമസ്കാരത്തോടെ പള്ളി തുറന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.