എ.കെ. രാമദാസൻ മാസ്​റ്റർ എടക്കാനത്തി​െൻറ സൗമ്യ വ്യക്തിത്വം

എ.കെ. രാമദാസൻ മാസ്റ്റർ എടക്കാനത്തിൻെറ സൗമ്യ വ്യക്തിത്വം ഇരിട്ടി: തനി ഗാന്ധിയൻ, സൗമ്യൻ, തികഞ്ഞ ഈശ്വര വിശ്വാസി, അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത പെരുമാറ്റത്തിൻെറ ഉടമ ഇങ്ങനെ നിരവധി വിശേഷണങ്ങൾക്കുടമയാണ് ശനിയാഴ്ച അന്തരിച്ച എ.കെ. രാമദാസൻ മാസ്റ്റർ. ഇരിട്ടി നഗരസഭ രൂപവത്കൃതമാകുന്നതിനു മുമ്പ് കീഴൂർ ചാവശ്ശേരി ഗ്രാമപഞ്ചായത്ത് നിലവിലുള്ള കാലത്ത് രണ്ടു തവണ ഇദ്ദേഹം എടക്കാനം വാർഡിൻെറ പ്രതിനിധിയായി. താൻ വിശ്വാസമർപ്പിച്ച കോൺഗ്രസിലെ ചില അപശബ്ദങ്ങളിൽ മനസ്സ് മുറിപ്പെട്ടപ്പോൾ വിമതശബ്ദമുയർത്തി പൊരുതി നേടിയതായിരുന്നു 1995ലെ വിജയം. കോൺഗ്രസിലെ തന്നെ തൻെറ നാട്ടുകാരൻ കൂടിയായ എതിർ സ്ഥാനാർഥിയെ പരാജയപ്പെടുത്തുകയും പഞ്ചായത്ത് പ്രസിഡൻറായി സ്ഥാനമേൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിനും യു.ഡി.എഫിനും തുല്യ സീറ്റുകൾ കിട്ടിയപ്പോൾ വിമതനായി മത്സരിച്ചു ജയിച്ച രാമദാസൻ മാസ്റ്ററെ പ്രസിഡൻറാക്കി യു.ഡി.എഫ് പഞ്ചായത്ത് ഭരിക്കുകയായിരുന്നു. ലളിതജീവിതത്തിനുടമയായ ഇദ്ദേഹം പൊതു പ്രവർത്തന രംഗത്തും ഇന്നത്തെ തലമുറക്ക് മാതൃകയാണ്. ഉളിയിൽ വാണിവിലാസം എൽ.പി സ്‌കൂൾ റിട്ട. അധ്യാപകനായ ഇദ്ദേഹം ദീർഘകാലമായി എടക്കാനം മഹാവിഷ്ണു ക്ഷേത്രം പ്രസിഡൻറാണ്. പുന്നാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചയോടെ ഹൃദയാഘാതം മൂലം കണ്ണൂർ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കോവിഡ് നിയന്ത്രണങ്ങളോടെ ചാവശ്ശേരി, ഉളിയിൽ, പുന്നാട്, എടക്കാനം സ്‌കൂളിന് സമീപം ചേളത്തൂർ ക്ലബ്‌ പരിസരം, എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. എം.പി മാരായ എം.കെ. രാഘവൻ, കെ. സുധാകരൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി എന്നിവർ അനുശോചനം അറിയിച്ചു. അഡ്വ.സണ്ണി ജോസഫ്. എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ്, ചന്ദ്രൻ തില്ലങ്കേരി, പി.കെ. ജനാർദനൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.എ. നസീർ എന്നിവർ ചേർന്ന് കോൺഗ്രസ് പതാക പുതപ്പിച്ചു. നഗരസഭാ ചെയർമാൻ പി.പി.അശോകൻ, പടിയൂർ ദാമോദരൻ മാസ്റ്റർ, ഇബ്രാഹീം മുണ്ടേരി, ആർ.എസ്.എസ് പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി, എം.പി. അബ്ദുൽ റഹിമാൻ, പി. കുട്ട്യപ്പ മാസ്റ്റർ, പി.വി. മോഹനൻ തുടങ്ങി വിവിധ നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.