പെരുന്നാളുമില്ലാതെ മാനാഞ്ചിറ; വാതിലടഞ്ഞിട്ട്​ രണ്ടുമാസം

കോഴിക്കോട്: ലോക്ഡൗൺ തുടങ്ങിയ ശേഷം അവധിക്കാലം വന്നു, വിഷുവന്നു, ഇൗസ്റ്റർ വന്നു, ഇപ്പോൾ ഇതാ പെരുന്നാളും വന്നു. ആളുകൾ നിറഞ്ഞൊഴുകേണ്ട പെരുന്നാൾ ദിനങ്ങളിലും നഗരത്തിൻെറ പ്രിയപ്പെട്ട വിശ്രമത്തുരുത്ത് ഏകാന്തതയുടെ തടവറയിലാണ്. ആളുകളുടെ ശബ്ദകോലാഹലങ്ങളില്ല, കളിപ്പാട്ടങ്ങളും െഎസ്ക്രീമും വിൽക്കാൻ മത്സരിക്കുന്ന വഴിയോര കച്ചവടക്കാരില്ല, വാഹനം നിർത്തിയിടാനുള്ള സ്ഥലത്തിനായി ശണ്ഠയില്ല, പൊലീസുകാരുടെ വിരട്ടലില്ല, ചീറിപ്പായുന്ന വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ വെളിച്ചമില്ല. തികച്ചും ഒറ്റപ്പെട്ട് ശ്മശാനമൂകമായി കോഴിക്കോടിൻെറ മാനാഞ്ചിറ ചത്വരം. കോഴിക്കോടിൻെറ ചലനാത്മകത കേന്ദ്രീകരിച്ചിരുന്നത് മിഠായിത്തെരുവിലും മാനാഞ്ചിറയിലും കടപ്പുറത്തുമായിരുന്നു. മിഠായിത്തെരുവ് തുറന്നിട്ടും കോവിഡ് ഭീതിമൂലം ആളുകൾ ഇല്ല. അവധിക്കാലത്ത് കൂട്ടുചേരാനുള്ള ഇടമായിരുന്നു മാനാഞ്ചിറ. സ്ഥിരമായി പുൽമൈതാനത്തിരുന്ന് സൊറ പറയുന്നവരും രാഷ്്ട്രീയ വാഗ്വാദങ്ങൾ നടത്തുന്നവരും മാനാഞ്ചിറയിൽ കാണാമെന്ന് പറഞ്ഞ് ഇവിടെ എത്തിയിരുന്ന ചങ്ങാതിക്കൂട്ടങ്ങളുമടക്കം നിത്യവും നൂറുകണക്കിനാളുകൾ എത്തിയിരുന്ന മാനാഞ്ചിറ രണ്ടുമാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. പന്തിനു പിറകെ ഒാടുന്ന കുഞ്ഞിക്കാലടികൾ, രക്ഷിതാക്കളുെട ശാസനകൾ, ചങ്ങാതിമാരുടെ ആർപ്പുവിളികൾ, പ്രണയിനികളുടെ സല്ലാപങ്ങൾ ഇനി ഇതെല്ലാം എന്നു തിരിച്ചുവരുമെന്ന് കാത്തിരിക്കുകയാകും മാനാഞ്ചിറയിലെ ഒാരോ പുൽക്കൊടിയും. കോവിഡ് ആളുകളെ അകറ്റിയപ്പോൾ പെരുന്നാളിലും മാനാഞ്ചിറ ഒറ്റപ്പെട്ടു. നഗരത്തെ നിശ്ചലമാക്കിക്കൊണ്ട് അടച്ചിട്ട മൈതാനം കോവിഡ് ഭീതിയുടെ പര്യായം കൂടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.