അമൃത്​ പദ്ധതിയിൽ 178.27 കോടിയുടെ അഴുക്ക്​ചാൽ: പുതിയ കരാറിന്​ നഗരസഭയുടെ അംഗീകാരം​

-പദ്ധതിരേഖയേക്കാൾ 50 ശതമാനത്തിലേറെ വർധനയിൽ മാറ്റമില്ല കോഴിക്കോട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 178.27കോടി രൂപയുടെ സ്വീവേജ് പദ്ധതി നടപ്പാക്കാനുള്ള കരാർ നൽകാൻ നഗരസഭ തീരുമാനം. 116.5 കോടിയുടെ പദ്ധതിയാണ് 50 ശതമാനത്തിലേറെ വർധനയോടെ കരാർ നൽകാൻ തീരുമാനിച്ചത്. ടാഗോർ ഹാളിൽ ഡെപ്യൂട്ടി മേയർ മീരാദർശകിൻെറ അധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ബി.ജെ.പിയടക്കം പ്രതിപക്ഷത്തിൻെറ എതിർപ്പോടെയുള്ള തീരുമാനം വോട്ടിനിട്ട് അംഗീകരിച്ചത്. പദ്ധതിക്ക് ഫെബ്രുവരിയിൽ കരാർ നൽകാൻ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. വിവാദമായ പദ്ധതിക്ക് നേരത്തേ തയാറാക്കിയ വിശദമായ പദ്ധതിരേഖയേക്കാൾ 50 ശതമാനത്തിലേറെ വർധനയുള്ളതിനാൽ വീണ്ടും ടെൻഡർ ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഉന്നതാധികാര സമിതി നിർദേശിച്ചതിൻെറയടിസ്ഥാനത്തിലാണ് വീണ്ടും കൗൺസിൽ നടപടി. വീണ്ടും ടെൻഡർ ചെയ്ത് അതേ കരാറുകാരെ പഴയ തുകക്ക് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. എറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത മിഡ് ലാൻഡ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ടിങ് കമ്പനിക്ക് കരാർ നൽകുന്നതിന് സർക്കാറിൻെറ അനുമതി തേടാനാണ് കൗൺസിൽ തീരുമാനം. നേരത്തേ പല തവണ ടെൻഡർ ചെയ്തപ്പോഴും ഇതേ കമ്പനിക്ക് തന്നെയാണ് കരാർ ലഭിച്ചിരുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നൊന്നും കമ്പനികൾ വരാതിരിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടിയാണ് അഡ്വ.പി.എം. നിയാസ്, എസ്.വി. മുഹമ്മദ്ഷമീൽ തങ്ങൾ, നമ്പിടി നാരായണൻ, വിദ്യാബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ എതിർത്തത്. പദ്ധതിയുടെ സാങ്കേതികത ഫലപ്രദമാണോയെന്നതിൽ സംശയമുണ്ടെന്നും കഴിഞ്ഞ തവണയും പ്രതിപക്ഷം എതിർത്തിട്ടും ഭരണകക്ഷിയുടെ താൽപര്യത്തിൽ കൗൺസിൽ അംഗീകാരം നേടുകായായിരുന്നുവെന്നും അവർ ആരോപിച്ചു. എന്നാൽ കേരളത്തിൽ അമൃത് നടപ്പാക്കുന്ന ഏഴ് പദ്ധതികളിൽ മിഡ്ലാൻഡ് എൻജിനീയറിങ് കമ്പനിയാണ് കരാറുകാരെന്നും ഇംഗ്ലീഷടക്കം എല്ലാ പത്ര മാധ്യമങ്ങളിലും മതിയായ പ്രചാരണം നൽകിയിരുന്നുവെന്നും എം.സി. അനിൽകുമാർ, എം. രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭരണ പക്ഷം വിശദീകരിച്ചു. തുടർന്ന് 23 നെതിരെ 46 വോട്ടിന് തീരുമാനം അംഗീകരിക്കുകയായിരുന്നു. കോതി ഭാഗത്ത് സ്വീവേജ് സിസ്റ്റം പണിയുന്നതിന് എ പാക്കേജിന് 91.36 കോടിക്കും ബി.പാക്കേജിന് 86.91 കോടിക്കും കരാർ നൽകാനാണ് തീരുമാനം. മേയർ കരാറുകാരുമായി നടത്തിയ ഒത്തുതീർപ്പിന് ശേഷമുള്ള തുകയാണിത്. ആദ്യ തുക സർക്കാർ നിർദേശിച്ചതിൻെറ 52.86 ശതമാനവും രണ്ടാമത്തേത് 54.15 ശതമാനവും അധികമാണ്. തുക കുറക്കാനാണ് ഉന്നതാധികാര സമിതി വീണ്ടും ടെൻഡറിന് നിർദേശം നൽകിയതെങ്കിലും വിവിധ കാരണങ്ങളാൽ തുക കുറക്കാനാവില്ലെന്നാണ് കരാറുകാരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.