കുന്നിടിക്കലും വയൽ നികത്തലും വ്യാപകം

ശ്രീകണ്ഠപുരം: ലോക്ഡൗൺ മറയാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുന്നിടിക്കലും വയൽ നികത്തലും തകൃതി. നടപടിയെടുക്കേണ്ടവർ മൗനം പാലിക്കുന്ന സ്ഥിതിയാണുള്ളത്. കുന്നുകളിടിച്ച് വൻ വിലയീടാക്കി മണ്ണ് വിൽപന നടത്തുന്ന സംഘങ്ങളും മലയോര മേഖലയിലടക്കം പ്രവർത്തിക്കുന്നുണ്ട്. ശ്രീകണ്ഠപുരം വയക്കര പ്രദേശത്ത് വ്യാപകമായി മണ്ണിട്ട് വയൽ നികത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. നടപടിയാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ റവന്യൂ വകുപ്പിനും കലക്ടർക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. വയൽ നികത്തി റോഡ് പണിയാനും കെട്ടിടമൊരുക്കാനുമാണ് നീക്കം. റോഡ് നിർമാണം പൂർത്തിയാവുന്നതോടെ ഇരുവശങ്ങളിലെയും ഏക്കർകണക്കിനുള്ള പാടശേഖരങ്ങളിലെ നീരൊഴുക്ക് തടസ്സപ്പെടുകയും വയലുകൾ നെൽകൃഷിക്ക് യോഗ്യമല്ലാതാവുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു. കണിയാർവയൽ-കാഞ്ഞിലേരി റോഡരികിൽ വയക്കര അംഗൻവാടിക്ക് സമീപത്തും വയൽ നികത്തുന്നുണ്ട്. ചെങ്ങളായിയിലും ചുഴലി എടയന്നൂരിലും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നുണ്ട്. മലമടക്കുഗ്രാമങ്ങളിലെല്ലാം രാപ്പകൽ വ്യത്യാസമില്ലാതെയാണ് മണ്ണ് കടത്ത്്. പരിഷത്തും മറ്റു പരിസ്ഥിതി സംഘടനകളും ഇതിനെതിരെ ശബ്ദമുയർത്താത്തതും ചർച്ചയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.